തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി ഫാസിൽ റസാഖ് തെരെഞ്ഞെടുക്കപ്പെട്ടു. ‘തടവ്’ എന്ന ചിത്രത്തിന്റെ മികവിനാണ് പുരസ്‌കാരം. ഓഡിയൻസ് പോളിലൂടെ പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രവും ‘തടവ്’ ആണ്.
ആദ്യ ചിത്രത്തിലൂടെ തന്നെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയിരിക്കുകയാണ് യുവസംവിധായകൻ ഫാസിൽ റസാഖ്. മേളയില്‍ തടവിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്.
പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന പശ്ചാത്തലം, പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങൾ, യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന പരിചരണം, സാധാരണമായിത്തുടങ്ങി അസാധാരണ സാഹചര്യങ്ങളിലേക്ക് വികസിക്കുന്ന കഥ. പല ഘടകങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന ആദ്യചിത്രം.
വാർത്തകൾ വഴി അറിഞ്ഞ, കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ‘തടവി’ന് കാരണമായത്. അമ്പതുകാരിയായ ഗീത എന്ന അംഗനവാടി ടീച്ചറുടെയും അവരുടെ ചുറ്റുമുള്ളവരുടെയും കഥയാണ് ‘തടവ്’. മാനുഷിക വികാരങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അവരെങ്ങനെ അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നു എന്നതാണ് സിനിമ പറയുന്നത്.
പാലക്കാട് പട്ടാമ്പി പ്രദേശത്താണ് സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ആ പ്രദേശത്ത് ഇപ്പോഴും നമുക്ക് കാണാൻ കഴിയുന്ന വീടുകളും പരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിലും വരുന്നത്.
കോളേജ് കാലത്തെ സുഹൃത്തുക്കൾ തന്നെയാണ് ‘തടവി’ലും ഫാസിലിനോട് സഹകരിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രാഫർ മൃദുലും എഡിറ്റർ വിനായക് സുതനും കോളേജിൽ ഫാസിലിന്‍റെ ബാച്ച് മേറ്റ്സ് ആണ്.
ബീന ആർ ചന്ദ്രൻ, എം.എൻ അനിത, പി സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫാസിൽ റസാഖും പ്രമോദ് ദേവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുൽ എസ് ആണ് ഛായാഗ്രഹണം. വിനായക് സുതൻ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം വൈശാഖ് സോമനാഥ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു