കൊച്ചി : ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ ഹാദിയയുടെ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി.ഹാദിയയെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്. കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാദിയ പുനര്‍വിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. താൻ ആരുടേയും തടങ്കലിലല്ല കഴിയുന്നതെന്ന ഹാദിയയുടെ മൊഴിയും പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹാദിയയെ കാണാനില്ലെന്ന കേസിലെ നടപടികള്‍ അവസാനിപ്പിച്ചതായി കോടതി അറിയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിനി സൈനബ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഹാദിയയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പിതാവ് അശോകന്റെ പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. വൈക്കം സ്വദേശിനിയായ ഹാദിയ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആയിരിക്കേയാണ് മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തുകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.ലൗ ജിഹാദ് അടക്കമുള്ള ആരോപണങ്ങളാല്‍ മാസങ്ങളോളം വിവാദങ്ങളുടെ നിഴലിലായിരുന്ന ഹാദിയയുടെ വിവാഹം സുപ്രീം കോടതി പിന്നീട് ശരിവെക്കുകയായിരുന്നു.