ന്യൂഡൽഹി: താൻ ദേശഭക്തനാണെന്നും ഉപദ്രവിക്കരുതെന്നും ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ. ഇതെന്ത് ദേശഭക്തിയാണെന്ന് ചോദിച്ച് ചുറ്റുമുള്ള എം.പിമാർ അടിച്ചും തൊഴിച്ചും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുമ്പോഴാണ് സാഗർ ഇങ്ങനെ വിളിച്ചുപറഞ്ഞത്. തുടർന്ന് സാഗറിനെ രണ്ടാമത് പിറകിൽനിന്ന് പിടിച്ച മനോരഞ്ജന് അടുത്തേക്ക് കൊണ്ടുപോയി ഇരുവരെയും ഒരുമിച്ച് കൈകാര്യം ചെയ്താണ് എം.പിമാർ സുരക്ഷാ സൈനികർക്ക് കൈമാറിയത്. പ്രതിഷേധിക്കാനുള്ള അവകാശം വകവെച്ചുതരണമെന്ന് മനോരഞ്ജൻ പറയുന്നുണ്ടായിരുന്നു.
സാഗർ ശർമ ഈ സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്നും പറയാറുണ്ടായിരുന്നുവെന്ന് അമ്മാവൻ പ്രദീപ് ശർമ്മ ‘ദി പ്രിന്റി’നോട് പറഞ്ഞു. എന്തുകൊണ്ടാണ് അവൻ ഇത് ചെയ്തതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനന്തരവനെ ആരോ സ്വാധീനിച്ചതായി സംശയിക്കുന്നതായി പ്രദീപ് പറയുന്നു.
“അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ഇവിടെയാണ് (ലഖ്നൗവിൽ) താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’ -അദ്ദേഹം പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുൻനിരയിലേക്ക് വന്നിരുന്നതേയുള്ളൂ. ഇക്കഴിഞ്ഞ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് എം.എൽ.എയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ എം.പി സ്ഥാനം രാജിവെക്കുന്നതിന് മുമ്പായി ഓരോരുത്തരെയും കണ്ട് യാത്ര പറയുന്നു. ഈ സമയത്താണ് സന്ദർശകർക്കുള്ള നാലാം നമ്പർ ഗാലറിയിൽനിന്ന് ആദ്യത്തെ അക്രമിയായ സാഗർ ശർമ എം.പിമാരുടെ ബെഞ്ചിലേക്ക് ചാടിവീഴുന്നത്.
പാർലമെന്റിനുള്ളിൽ ഇത്രയും നടക്കുന്നതിന് അരമണിക്കൂർ മുമ്പാണ് ഇതേ സംഘത്തിൽപെട്ട രണ്ടുപേർ പാർലമെന്റ് കവാടത്തിന് മുമ്പിൽ ഇതേ പ്രതിഷേധം പുകത്തോക്ക് പൊട്ടിച്ച് നടത്തിയത്. അരമണിക്കൂർ കഴിഞ്ഞ് അകത്ത് സമാന സംഭവം ആവർത്തിച്ചത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയായി. ഭാരത് മാതാ കീ ജയ്, ജയ് ഭീം, ജയ് ഭാരത്, ഏകാധിപത്യം നടപ്പില്ല എന്നീ മുദ്രവാക്യങ്ങളുമായി ഉച്ചക്ക് 12.33ന് ട്രാൻസ്പോർട്ട് ഭവന് മുന്നിൽനിന്ന് പാർലമെന്റ് കവാടത്തിലേക്ക് നീങ്ങുന്നതിനിടയിൽ ഹിസാറിൽനിന്നുള്ള നീലവും മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെയും പിടിയിലായി അരമണിക്കൂർ കഴിഞ്ഞാണ് സാഗർ ശർമയും മനോരഞ്ജനും ലോക്സഭയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















