ബംഗളൂരു: തന്റെ മകൻ തെറ്റുകാരനെങ്കിൽ തൂക്കിക്കൊന്നോളൂ എന്ന് തൊഴുകൈകളോടെ മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. പാർലമെന്റിന്റെ നടുത്തളത്തിൽ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്മോക്ക് ഗൺ പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികരണം തേടി, മൈസൂരു വിജയനഗർ സെക്കൻഡ് സ്റ്റേജിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ കർഷക കുടുംബത്തിൽനിന്നുള്ളവരാണ്. എന്റെ മകൻ നല്ലവനാണ്. സത്യസന്ധനും വിശ്വസ്തനുമാണ്. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണമെന്നും ത്യാഗം ചെയ്യണമെന്നും മാത്രമായിരുന്നു അവന്റെ ആഗ്രഹം. ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. നന്നായി പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിലാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ടായിരുന്നു.
ഈ പുസ്തകങ്ങൾ വായിച്ചാണ് അവന് ഇത്തരം ചിന്ത രൂപപ്പെട്ടതെന്ന് ഞാൻ സംശയിക്കുന്നു. ഇപ്പോഴവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവൻ നല്ലതാണ് ചെയ്തതെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ, തെറ്റാണ് ചെയ്തതെങ്കിൽ അവനെ തൂക്കിക്കൊന്നോളൂ. തെറ്റുകാരനാണെങ്കിൽ അവനെന്റെ മകനല്ല -അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു