കൊച്ചി: പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങൾ മുൻ നിറുത്തി ഫെഡറൽ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ് സി) നൽകുന്ന പുരസ്കാരമാണ് ഫെഡറൽ ബാങ്കിന് ലഭിച്ചത്. ആഗോളതലത്തിൽ 258 ധനകാര്യ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ഫെഡറൽ ബാങ്ക് ഒന്നാമതെത്തിയത്.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മേഖലകളിൽ നൽകിയ വായ്പാതുക, ഹരിതഗൃഹ വാതകങ്ങളുടെ ലഘൂകരണം എന്നീ വിഭാഗങ്ങളിലാണ് ഫെഡറൽ ബാങ്ക് ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഇതുകൂടാതെ, പാരിസ്ഥിതിക മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിച്ചതുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള നാല് വിഭാഗങ്ങളിലെ പ്രകടനത്തിന് സൗത്ത് ഏഷ്യൻ മേഖലയിലെ മികച്ച ബാങ്കാവാനും ഫെഡറൽ ബാങ്കിന് സാധിച്ചു.
പാരിസ്ഥിതിക സുസ്ഥിര പ്രവർത്തനങ്ങളിൽ ഫെഡറൽ ബാങ്കിന്റെ അർപ്പണ ബോധത്തെയും ലക്ഷ്യങ്ങളെയും ആഗോളതലത്തിൽ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് റിസ്ക് ഓഫീസറുമായ ദാമോദരൻ സി അഭിപ്രായപ്പെട്ടു. ” ഞങ്ങളുടെ പ്രവർത്തനങ്ങളിലെ അവിഭാജ്യ ഘടകമായാണ് പാരിസ്ഥിതിക ഉത്തരവാദിത്വത്തെ ഞങ്ങൾ പരിഗണിക്കുന്നത്. ഐ എഫ് സി യിൽ നിന്നുള്ള ഇത്തരം അംഗീകാരങ്ങൾ ഞങ്ങളുടെ പ്രയത്നങ്ങളെ സാധൂകരിക്കുന്നതിനൊപ്പം ധനകാര്യ മേഖലയിൽ പരിസ്ഥിതി സൗഹൃദ മാറ്റങ്ങൾ കൊണ്ടുവരുന്നത് തുടരാൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു,” ദാമോദരൻ സി പറഞ്ഞു.