ഹൂസ്റ്റണ്‍∙ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതികാര നടപടികള്‍ എടുക്കുമോ എന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇല്ലെന്ന് ഉത്തരം നല്കാന് ട്രംപ് തയാറായില്ല എന്നതായിരുന്നു കൗതുകകരം. അതിനിടെ ഇപ്പോള്‍ ട്രംപിന്റെ സഹായി മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി രംഗത്തു വന്നന്നിരിക്കുകയാണ്.
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍, തന്റെ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനലായോ സിവിലായോ കേസ് ഫയല്‍ ചെയ്യുമെന്ന് ഡോണൾഡ് ട്രംപിന്റെ അടുത്ത സഹായിയും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍ ഭീഷണി മുഴക്കി. 2024-ല്‍ മുന്‍ പ്രസിഡന്റ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കണം എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.
ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ കാഷ് പട്ടേല്‍ ദേശീയ സുരക്ഷാ റോളുകളില്‍ വിപുലമായ അനുഭവപരിചയമുള്ള വ്യക്തിയാണ്. കശ്യപ് പി പട്ടേല്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഞങ്ങള്‍ ഗൂഢാലോചനക്കാരെ കണ്ടെത്തും. സര്‍ക്കാരില്‍ മാത്രമല്ല, മാധ്യമങ്ങളിലും, ഗൂഢാലോചന നടത്തിയവരെ കുടുക്കുമെന്ന് പട്ടേല്‍ പറഞ്ഞു. ജോ ബൈഡനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സഹായിച്ച അമേരിക്കന്‍ പൗരന്മാരെക്കുറിച്ച് നുണ പറഞ്ഞ മാധ്യമങ്ങളിലെ ആളുകളുടെ പിന്നാലെ ഞങ്ങള്‍ വരാന്‍ പോകുന്നു. അത് ക്രിമിനല്‍ ആയിട്ടാണെങ്കിലും സിവില്‍ ആയിട്ടാണെങ്കിലും. ഞങ്ങള്‍ അത് കണ്ടുപിടിക്കും.ഞങ്ങള്‍ എല്ലായ്പ്പോഴും അവര്‍ കുറ്റക്കാരാണെന്ന് പറയുന്നവരാണ്.അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ഭരണഘടന ഉപയോഗിക്കും. – പട്ടേല്‍ വ്യക്തമാക്കുന്നു.
ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ട്രംപിന്റെ തീവ്രവാദ വിരുദ്ധ ഉപദേഷ്ടാവായും ആക്ടിങ് ഡിഫന്‍സ് സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും സേവനമനുഷ്ഠിച്ച പട്ടേല്‍, ട്രംപിന്റെ മുന്‍ തന്ത്രജ്ഞന്‍ സ്റ്റീഫന്‍ കെ. ബാനന് ആതിഥേയത്വം വഹിച്ച പോഡ്കാസ്റ്റിലാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ട്രംപ് ടീമിന് ‘അമേരിക്കന്‍ ദേശസ്നേഹികളുടെ’ ഒരു ‘ബെഞ്ച്’ ഉണ്ടെന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആരുടെയും പേര് വെളിപ്പെടുത്തില്ല. കാരണം തീവ്ര ഇടതുപക്ഷ മാധ്യമങ്ങള്‍ക്ക് അവരെ ഭയപ്പെടുത്താന്‍ കഴിയും എന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ആദ്യ നാളുകളില്‍ താരതമ്യേന അജ്ഞാതനായ ക്യാപിറ്റല്‍ ഹില്‍ സ്റ്റാഫില്‍ ഒരാളായിരുന്നു കാഷ് പട്ടേല്‍. അവിടെ നിന്ന് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിലൊരാളും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനുമായി പട്ടേല്‍ ഉയര്‍ന്നത് നാടകീയമായാണ്. ഇടക്കാലത്ത് സിഐഎയുടെയോ എഫ്ബിഐയുടെയും ഡപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിതനാകുമെന്ന് കേട്ടതോടെ വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നു. എന്നിരുന്നാലും സര്‍ക്കാരില്‍ നിന്ന് മാറിയെങ്കിലും അദ്ദേഹം ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായി തുടര്‍ന്നു.
ആക്ടിങ് സെക്രട്ടറി ഓഫ് ഡിഫന്‍സ് ക്രിസ്റ്റഫര്‍ മില്ലറുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായി പട്ടേല്‍ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ ഡിപ്പാര്‍ട്ട്മെന്റിലെ സെക്രട്ടറിയുടെ ദൗത്യത്തെ നയിക്കുന്നതിന്റെ ഉത്തരവാദിത്തവും പട്ടേലിനായിരുന്നു. പ്രസിഡന്റിന്റെ ഡപ്യൂട്ടി
അസിസ്റ്റന്റ്, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ (എന്എസ്സി) തീവ്രവാദ വിരുദ്ധ (സിടി) സീനിയര്‍ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
എന്എസ്സിയില് ചേരുന്നതിന് മുമ്പ് അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സിന്റെ (എച്ച്പിഎസ്സിഐ) സീനിയര്‍ കൗണ്‍സലുമായി സേവനമനുഷ്ഠിച്ചു. ഗവണ്മെന്റ് സര്‍വീസ് ഉപേക്ഷിച്ചതിനുശേഷം, പട്ടേല്‍ തന്റെ ട്രംപിന്റെ അടുപ്പക്കാരന് എന്ന പദവി പ്രയോജനപ്പെടുത്തി, ഓണ്‍ലൈന്‍ സെയില്‍, കുട്ടികളുടെ പുസ്തകം എഴുതുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അദ്ദേഹം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് സ്വദേശിയായ പട്ടേല്‍ പബ്ലിക് ഡിഫന്‍ഡറായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. നിയമബിരുദം നേടുന്നതിനായി ന്യൂയോര്‍ക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു