സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റണ്‍സ് വിജയലക്ഷ്യം വെട്ടിചുരുക്കി. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ മഴയെത്തിയതോടെ വിജയലക്ഷ്യവും ഓവറും ചുരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ 19.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തിയതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ബാറ്റിങ് പവര്‍പ്ലേ ആദ്യ അഞ്ച് ഓവറുകളായിരിക്കും.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ചുറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റണ്‍സെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു.
മോശം തുടക്കായിരുന്നു ഇന്ത്യക്ക്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിനെയും (0) ശുഭ്മാന്‍ ഗില്ലിനെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ – സൂര്യകുമാര്‍ സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ 20 പന്തില്‍ നിന്ന് 29 റണ്‍സുമായി തിലക് മടങ്ങി.
തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും അഞ്ച് ഫോറും നേടിയിരുന്നു.
തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്ട്സി മൂന്ന് വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു