ഡാലസ്∙ യുഎസിൽ പ്രായമായവരിൽ ആത്മഹത്യ വർധിച്ചതായി സമീപകാല കണക്കുകൾ കാണിക്കുന്നു. നാഷനൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ (NCHS) കണക്കുകൾ പ്രകാരം, യുഎസിലെ ആത്മഹത്യാ നിരക്ക് 2022ൽ 80 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 50,000 ആളുകളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
100,000 ആളുകളിൽ 14.3 ശതമാനം പേർ ആത്മഹത്യ ചെയുന്നതായി കണക്കുകൾ പറയുന്നു. 1941 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഒന്നാം ലോകമഹായുദ്ധം, മഹാമാന്ദ്യം, എന്നിവയുടെ കാലത്താണ് ഏറ്റവും ഉയർന്ന് ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത്.
25 വയസ്സിൽ താഴെയുള്ളവരുടെ ആത്മഹത്യനിരക്ക് 2021-ൽ നിന്ന് കുറഞ്ഞു, എന്നിരുന്നാലും, 35 വയസ്സിന് മേൽ പ്രായമുള്ളവരുടെ ആത്മഹത്യകൾ വർധിച്ചു. പ്രായമാകുന്ന പുരുഷന്മാരിൽ ആത്മഹത്യാനിരക്ക് കൂടുതലാണ്.
ഏറ്റവും പ്രധാനപ്പെട്ട നിരക്ക് വർധന 75 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലാണ്: ഇത് 100,000 ആളുകൾക്ക് 44 മരണങ്ങളാണ്. നോൺ-ഹിസ്പാനിക് വെള്ളക്കാരാണ് പ്രായമായവരിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തതായി കണക്കുകൾ കാണിക്കുന്നതെന്ന് നാഷനൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ സ്റ്റാറ്റിസ്റ്റിഷ്യനും റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ സാലി കർട്ടിൻ പറഞ്ഞു.
കേവിഡിനെ തുടർന്നുണ്ടായ ഭാഗികമായ സാമൂഹിക ബന്ധത്തിലെ നഷ്ടം, യുഎസിലെ തോക്കുകളുടെ ലഭ്യത എന്നിവയും ആത്മഹത്യ നിരക്ക് വർധിക്കുന്നതിന്ന് കാരണമാണ്. പ്രായമായവരിൽ ആത്മഹത്യാ മരണങ്ങളിൽ 70 ശതമാനവും തോക്ക് ഉപയോഗിച്ചാണ്. ഓരോ ആത്മഹത്യയുടെയും പ്രേരണ വ്യത്യസ്തമാണ്. വിഷാദം; പ്രവർത്തന വൈകല്യം ,അസുഖവും വേദനയും; മറ്റുള്ളവരിൽ നിന്നുള്ള അകലം , മാരകായുധങ്ങളുടെ ലഭ്യത എന്നിവയും ആത്മഹത്യയ്ക്ക് പ്രേരണയാകുന്നു.
( യുഎസിലുള്ളവർക്ക് വേണ്ടി: നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും മാനസികാരോഗ്യ പിന്തുണ ആവശ്യമുണ്ടെങ്കിൽ, ദയവായി 988 ലേക്ക് വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യാം, സൗജന്യവും രഹസ്യാത്മകവുമായ സേവനങ്ങളിലേക്കുള്ള 24/7 ആക്സസിനായി988lifeline.org സന്ദർശിക്കുക. )
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു