പ്രത്യേക ലേഖകൻ
അന്തരീക്ഷ മലിനീകരണ പ്രതിസന്ധിയെ നേരിടുന്നതിനായ് ഇന്ത്യക്ക് പിന്തുണയുമായ് ലോകബാങ്ക്. അന്തരീക്ഷവായു മലിനീകരണ പ്രതിരോധ പ്രവർത്തനങ്ങളിലൂന്നി സമഗ്ര പരിപാടിയാണ് ലോകബാങ്ക് ആവിഷ്ക്കരിച്ചിട്ടുള്ളത്. ശുദ്ധ വായു ഉറപ്പുവരുത്തുന്നതിൽ ഇന്ത്യക്ക് കൈതാങ്ങെന്ന നിലയിലാണ് ലോകബാങ്ക് ഇടപ്പെടൽ.
മലിനീകരണം മൂലം 2019 ൽ ഇന്ത്യയിൽ 23 ലക്ഷം ജനങ്ങൾ അകാല മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 73 ശതമാനത്തിനും ജീവൻ നഷ്ടപ്പെട്ടതിന് കാരണമായത് വായു മലിനീകരണം. ഇക്കാര്യത്തിൽ ആഗോള നിരക്കിനെക്കാളേറെ മുന്നിലാണ് ഇന്ത്യയിലെ മരണ നിരക്ക്.
ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അന്തരീക്ഷ മലിനീകരണം മൂലം രാജ്യത്ത് ജനങ്ങളുടെ ആയുർ ദൈർഘ്യം ശരാശരി 5.2 വർഷത്തോളം ചുരുങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. മലിനീകരണ ലഘൂകരണ ദിശയിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാർഗ്ഗനിർദ്ദേശം പാലിക്കുകയാണെങ്കിൽ ആയുർദൈർഘ്യക്കുറവ് 2.3 വർഷമെന്നതിൽ പിടിച്ചു നിറുത്തുവാനാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ വായു മലിനീകരണം ദേശിയ ശരാശരിയേക്കാളേറെ മോശമാണ്. അന്തരീക്ഷ മലിനീകരണം തലസ്ഥാനമായ ഡൽഹി നിവാസികളുടെ ആയുർ ദൈർഘ്യത്തിൽ 9.4 വർഷത്തെ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലിത് 8. 6 വർഷമാണ്.
ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളും (ജനസംഖ്യയുടെ 100 ശതമാനം) അന്തരീക്ഷവായു മലനീകരണത്തിൻ്റെ ഇരകളാണ്. അന്തരീക്ഷ വായുവിൽ അനാരോഗ്യകരമായ അളവിലാണ് കണികാദ്രവ്യങ്ങൾ (particulate matter). സാധാരണയായി 2.5 മൈക്രോമീറ്ററും അതിൽ കുറവുമുള്ള കണികാ ദ്രവ്യങ്ങളടങ്ങിയതാണ് അന്തരിക്ഷവായു. ഇവ ശ്വാസകോശത്തിൽ എളുപ്പത്തിൽ പ്രവേശിക്കുമ്പോൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
read also:ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ കനത്ത ആക്രമണം; 20 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
വായു മലിനീകരണം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് മാത്രമല്ല കാരണമാകുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയും മലിനീകരണ ഭവിഷത്തുകളിൽ നിന്നു മുക്തമല്ല. മലിനീകരണ പ്രതിസന്ധിയിൽ 2019-ൽ ഇന്ത്യയ്ക്കുണ്ടായ മൊത്തം നഷ്ടം 36.8 ബില്യൺ യുഎസ് ഡോളർ. രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 1.36 ശതമാനം.ഇന്ത്യയുടെ വായു ഗുണ നിലവാര പരിപാലന കർമ്മ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇന്തോ ഗംഗാറ്റിക് സമതല (Indo Gangetic Plains) മേഖലയിലെ ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമുൾക്കൊള്ളുന്ന വിപുലമായ പരിപാടിയാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു