ന്യൂഡല്‍ഹി: രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിൻവലിച്ചു. മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന് അറിയിപ്പ്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് പിൻവലിച്ചത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിൻവലിച്ചത്.
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. 1860-ലെ ഇന്ത്യൻ പീനൽ കോഡ് (IPC), 1973-ലെ ക്രിമിനൽ നടപടി ചട്ടം (CrPC), 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നീ നിയമങ്ങളുടെ പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത 2023 (Bharatiya Nyaya Sanhita 2023), ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 (Bharatiya Nagarik Suraksha Sanhita 2023), ഭാരതീയ സാക്ഷ്യ ബിൽ 2023 (Bharatiya Sakshya Bill 2023) എന്നിങ്ങനെയാണ് മാറ്റിയത്.
ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തി ഒമ്പത് പുതിയ വകുപ്പുകൾ ചേർത്തതാണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒൻപതെണ്ണം പുതിയതായി ചേർത്തിട്ടുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കി, 23 വകുപ്പുകളിൽ മാറ്റം വരുത്തി ഒരു വകുപ്പ് അധികമായി ചേർത്താണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















