തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവകേരള ബസിനെതിരെ കരിങ്കൊടി പ്രതിഷേധമടക്കം നടത്തിയവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, ഗവർണർക്കെതിരായ പ്രതിഷേധത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ് ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്.
എസ് എഫ് ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് ‘രക്ഷാപ്രവർത്തനം’ നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















