ന്യൂഡൽഹി: ജമ്മു കശ്മീരിൽ 1980 മുതൽക്കുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്താൻ ‘സത്യ, അനുരഞ്ജന’ കമ്മീഷനെ നിയോഗിക്കണമെന്ന് സുപ്രിം കോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും വിഭജിച്ചതുമടക്കമുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹരജികളിൽ വിധി പറയവെ ജസ്റ്റിസ് സഞ്ജയ് കിഷൻ ഗൗൾ ആണ് ഇക്കാര്യം ശിപാർശ ചെയ്തത്. ഔദ്യോഗികവും അല്ലാത്തതുമായ വിഭാഗങ്ങളിൽ നിന്ന് അക്രമങ്ങൾ ഉണ്ടായി എന്ന് സമ്മതിക്കുക എന്നതാണ് കശ്മീർ ജനതയുടെ മനസ്സിലെ മുറിവുണക്കുന്നതിന്റെ ആദ്യപടിയെന്നും സത്യം പറയുന്നതിലൂടെ മാത്രമേ അനുരഞ്ജിപ്പിലെത്താൻ കഴിയൂ എന്നും ജസ്റ്റിസ് ഗൗൾ പറഞ്ഞു.
“ഏറ്റവും കുറഞ്ഞത് 1980 മുതൽക്കെങ്കിലും ഭരണകൂടവും അല്ലാത്തതുമായ വിഭാഗങ്ങളിൽ നിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമായി ഒരു നിഷ്പക്ഷ “സത്യ-അനുരഞ്ജന” കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാൻ ശിപാർശ ചെയ്യുന്നു. ഭരണകൂടവും അല്ലാത്തവരും ചെയ്ത അവകാശ ലംഘനങ്ങളെ മുറിവുണക്കാൻ ആദ്യമായി വേണ്ടത് അക്രമങ്ങൾ ഉണ്ടായി എന്ന് അംഗീകരിക്കലാണ്. സത്യം പറയുന്നതിലൂടെയാണ് അനുരഞ്ജനം ഉണ്ടാവുക.’
















