കാഞ്ഞങ്ങാട്: സിപിഐഎം മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ കെ നാരായണൻ അന്തരിച്ചു.85 വയസായിരുന്നു. ബീഡിത്തൊഴിലാളിയില്‍നിന്ന് തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി 17 മാസം കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
അവിഭക്ത കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ല രൂപവത്കരിച്ചപ്പോള്‍ അവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു എ കെ നാരായണൻ. മൂന്നുതവണ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ബീഡി തൊഴിലാളി ഫെഡറേഷന്റെ അഖിലേന്ത്യ ഭാരവാഹിയായിരുന്നു. വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും.
ഇന്ദിരയാണ് ഭാര്യ. മക്കള്‍: ലൈല (ഉദുമ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡൻ), അനിത (മാനേജര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ), ആശ (ക്ലാര്‍ക്ക്, കേരള ബാങ്ക് മാവുങ്കാല്‍ ശാഖ), സീമ. മരുമക്കള്‍: കെ നാരായണൻ, ജി യദുനാഥ് (കോഴിക്കോട് ഉപഭോക്തൃ കോടതി മുൻ പ്രസിഡന്റ്), ജെ ജൈനേന്ദ്രൻ (ഷാര്‍ജ), കെ അശോകൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















