ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. ഒരുസമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സംവൃത. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സംവൃതയ്ക്ക് കഴിഞ്ഞു. പിന്നീട് അന്യഭാഷകളിൽ നിന്നടക്കമായി നിരവധി അവസരങ്ങളാണ് സംവൃതയെ തേടി എത്തിയത്.
എന്നാൽ 2012ൽ വിവാഹം കഴിഞ്ഞതോടെ സിനിമ വിടുകയായിരുന്നു സംവൃത. 2019 ൽ ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ നടി തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം സംവൃത പുതിയ സിനിമകളൊന്നും ചെയ്തിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി. സംവൃതയുടെ ഭർത്താവ് അഖിൽ ജയരാജിന് അമേരിക്കയിൽ ബിസിനസാണ്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആൺമക്കളാണ് ഇവർക്കുള്ളത്.
അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. തന്റെയും കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനിയത്തി സഞ്ജുക്തയുടെ ജന്മദിനമാണ് സംവൃതയുടെ പുതിയ വിശേഷം. സംവൃതയുടെ പോസ്റ്റുകളിലൂടെ സഞ്ജുക്ത പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
‘ഹാപ്പി ബർത്ത്ഡേ ബേബി, അച്ഛനും അമ്മയും എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് ഇവള്‍, ലവ് യു’ എന്നാണ് അനിയത്തിയ്ക്ക് ആശംസകൾ നേർന്ന് സംവൃത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. അനിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരു സെല്‍ഫി ചിത്രവും സംവൃത പങ്കുവെച്ചിട്ടുണ്ട്. നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് ചേച്ചിയുടെ പോസ്റ്റിന് താഴെ അനിയത്തിയുടെ കമന്റ്. നിരവധി പേർ സംവൃതയുടെ പോസ്റ്റിന് താഴെ സഞ്ജുക്തയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















