പട്ന: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ സ്തനങ്ങള്‍ അറുത്തുമാറ്റി ഗ്രാമത്തിലെ പ്രബലന്റെ നേതൃത്വത്തിലുള്ള സംഘം.വെള്ളിയാഴ്ച രാത്രി ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ തിയായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലിപൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ പ്രമുഖനായ ദയാനന്ദ് പാസ്വാനും സംഘവുമാണ് അതിക്രമം കാട്ടിയത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
“ഞങ്ങള്‍ ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ദയാനന്ദ് പാസ്വാനും സംഘത്തിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൊലപാതകശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്. അവരെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്”- എസ്എച്ച്ഒ പറഞ്ഞു.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാസ്വാൻ നോട്ടമിട്ടിരുന്നു. ഇത് തന്റെ പേരില്‍ എഴുതിത്തരാൻ പാസ്വാൻ യുവതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ പകുതി ഭൂമിയെങ്കിലും എഴുതിത്തരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതും യുവതി നിരസിച്ചു. ഇതോടെയായിരുന്നു ആക്രമണം.
ആക്രമണത്തിന് ഇരയായ യുവതി ഗ്രാമത്തില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവും മകനും ഇതര സംസ്ഥാനത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പാസ്വാനും സഹായികളും യുവതിയുടെ വീട് ആക്രമിക്കുകയും സ്തനങ്ങള്‍ വെട്ടിമാറ്റിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ഭഗവാൻപൂര്‍ ബ്ലോക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഡോക്ടര്‍മാര്‍ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.