കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എല്‍ ഡി എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമര്‍ത്ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍. പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫോസ്ബുക്ക് കുറിപ്പ് വായിക്കാം
കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. എഴുപതുകളിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം യുവജനസംഘടനാ നേതാവ്, മികച്ച ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിലും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. ഏഴും എട്ടും നിയമസഭകളിൽ വാഴൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് അംഗമായ കാനം ജനകീയവികാരം ഫലപ്രദമായി സഭയിൽ പ്രതിഫലിപ്പിക്കുന്ന മികച്ച സാമാജികനായിരുന്നു.
READ ALSO….ഗാസയിൽ ഹിസ്ബുല്ല ഹമാസിനെ പിന്തുണക്കാനെത്തിയാൽ ബെയ്റൂത്തിലും നാശംവിതക്കുമെന്ന് നെതന്യാഹു
2015 മുതൽ സി പി ഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവായിരുന്നു. എൽ ഡി എഫിൽ കുഴപ്പമുണ്ടാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് പരാജയപ്പെടുത്തിയ നേതാവാണ്. മിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ. പറയാനുള്ളത് ഏറ്റവും സൗമ്യമായും ഏറ്റവും വ്യക്തമായും അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കാനത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















