![chungath new advt]()
ബെംഗളൂരു: ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് കാഴ്ചാ പരിമിതിയുള്ള മുസ്‌ലിം വയോധികനെ ക്രൂരമായി മര്‍ദിച്ചതായി പരാതി.തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന വൃദ്ധനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എഞ്ചിനീയറടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കോപ്പലിലാണ് സംഭവം.
കോപ്പലിലെ ഗംഗാവദി ടൗണ്‍ സ്വദേശികളായ സാഗര്‍ ഷെട്ടി കല്‍ക്കി, സുഹൃത്ത് നരസപ്പ ഡനാകയാര്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ സാഗര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. 65കാരനായ ഹുസൈൻ സാബിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ താടി ഗ്ലാസ് കഷ്ണം ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയും കത്തിക്കുകയും ചെയ്തു.
മഹബൂബാനഗര്‍ സ്വദേശിയായ ഹുസൈൻ സാബ് നവംബര്‍ 25ന് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷ കാത്തുനില്‍ക്കുമ്ബോള്‍ ബൈക്കില്‍ അടുത്തെത്തിയ പ്രതികള്‍ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.തുടര്‍ന്ന് റെയില്‍വേ പാലത്തിനടിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഗ്ലാസ് കഷ്ണം ഉപയോഗിച്ച് താടി മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇത് പരാജയപ്പെട്ടപ്പോള്‍ ജയ് ശ്രീറാം വിളിക്കാൻ ആക്രോശിച്ച് താടി കത്തിച്ചെന്നും വൃദ്ധൻ പറയുന്നു. ക്രൂരമര്‍ദനത്തിനു ശേഷം കൈയിലുണ്ടായിരുന്ന പണം കവര്‍ന്ന പ്രതികള്‍ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.
മര്‍ദനമേറ്റ് അവശനായ ഹുസൈൻ സാബ് പേടിച്ച് അന്ന് രാത്രി റെയില്‍വേ പാലത്തിനടിയില്‍ ചെലവഴിക്കാൻ നിര്‍ബന്ധിതനായി. രാവിലെ ഇതുവഴി വന്ന ആട്ടിടയന്മാരാണ് അദ്ദേഹത്തെ ശ്രദ്ധിച്ചത്. അവര്‍ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഹുസൈൻ സാബ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഹുസൈൻ. മകള്‍ക്കൊപ്പം ചെറിയ വീട്ടിലാണ് ഹുസൈൻ സാബ് താമസിക്കുന്നത്. കാഴ്ച കുറവായതിനാല്‍ കൊപ്പല്‍, വിജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയാണ് ഇദ്ദേഹം ജീവിച്ചുവരുന്നത്.
അതേസമയം, ജയ് ശ്രീറാം വിളിക്കാൻ വൃദ്ധനെ യുവാക്കള്‍ നിര്‍ബന്ധിച്ചെന്ന ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൊപ്പല്‍ പൊലീസ് സൂപ്രണ്ട് യശോധയുടെ വാദം.