![chungath new advt]()
ഡൽഹി : കര്‍ണിസേന നേതാവ് സുഖ് ദേവ് സിംങിന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രാജസ്ഥാൻ പോലീസ്.പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഉദയ്പൂര്‍ കലക്‌ട്രേറ്റിലേക്ക് സുഖ് ദേവ് സിംങ് അനുയായികള്‍ കൂറ്റൻ റാലിയും സംഘടിപ്പിച്ചിരുന്നു.
സുഖ് ദേവ് സിംങിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുഖ് ദേവ് സിംങിന്റെ അനുയായികളുടെ പ്രതിഷേധം പലയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. കര്‍ണിസേന തലവൻ സുഖ് ദേവ് സിംങിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് രാജസ്ഥാനില്‍ അരങ്ങേറിയത്. പ്രധാന റോഡുകളും ദേശീയ പാതയും ഉപരോധിച്ചു. ബില്‍വാരയില്‍ ട്രെയിനുകള്‍ തടഞ്ഞ അനുയായികള്‍ ഉദയ്പൂരിലെ കളക്‌ട്രേറ്റിലേക്ക് കൂറ്റൻ റാലിയുമായെത്തി.
കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ പുതിയ സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ തടയുമെന്ന് പ്രവര്‍ത്തര്‍ ഭീഷണി മുഴക്കി. രാജസ്ഥാനില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും കോണ്‍ഗ്രസ് സര്‍ക്കാരാണ് കൊലപാതകത്തിന് ഉത്തരവാദിയെന്നും ബിജെപി നേതാവ് ദിയ കുമാരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ രാജസ്ഥാനില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും സുഖ്ദേവ് സിംഗ് സുരക്ഷ ആവശ്യപ്പെട്ടിട്ട് പോലും നല്‍കിയില്ലെന്നും ദിയ കുമാരി വിമര്‍ശിച്ചു.
ഇതിനിടെ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്ന രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിസംഘത്തില്‍പ്പെട്ട നവീൻ സിംങ് ഷെഖാവത്തിന്റെ ഫോണില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഗുണ്ടാ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങുമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന. ഇന്നലെ ജയ്പൂരിലെ സുഖ്ദേവ് സിങിന്റെ വീട്ടില്‍ കയറിയാണ് നാലംഗസംഘം കൊലപാതകം നടത്തിയത്.