ചെന്നൈ നഗരത്തെ ഗുരുതരമായി ബാധിച്ച മിഷോങ് ചുഴലിക്കാറ്റിൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ചെന്നൈ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ സന്ദർശിച്ചിരുന്നു.
ദുരന്തമുഖത്ത് തമിഴ്നാട് സർക്കാരിന് ഏറെ സഹായകമായ ഈ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ (ICCC) സ്ഥാപിച്ചതും ദിവസേനയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതും കെൽട്രോൺ ആണ്. 2020ൽ സ്ഥാപിച്ച കൺട്രോൾ സെൻറർ കഴിഞ്ഞ മൂന്നുവർഷമായി കെൽട്രോൺ മികച്ച രീതിയിൽ പരിപാലിച്ചു വരികയാണ്.
ഇക്കാലയളവിൽ ചെന്നൈയിലെ വിവിധ പ്രളയ സന്ദർഭങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഉപകാരപ്പെട്ടിട്ടുണ്ട്.
നിലവിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ചെന്നൈ നഗരത്തിലെ പ്രധാന മേഖലയിലെ ദൃശ്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ ദുരിതാശ്വാസ നിർദേശങ്ങൾ നൽകാനും പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലൂടെ സാധിച്ചിട്ടുണ്ട്.
ചെന്നൈ സ്മാർട്ട് സിറ്റിയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ സ്മാർട്ട് സെൻസറുകൾ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഈ സെൻസറുകളിൽ നിന്നും തത്സമയം ഡാറ്റകൾ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിൽ ലഭിക്കുകയും, സോഫ്റ്റ്വെയർ സഹായത്തോടെ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്യുവാനും പരിശോധിക്കുവാനും കഴിഞ്ഞു. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും കൺട്രോൾ സെന്റർ സഹായകമായിട്ടുണ്ട്.
ചെന്നൈ സ്മാർട്ട് സിറ്റിയുടെ കീഴിലുള്ള ഈ കമാന്റ് ആൻഡ് കൺട്രോൾ സെന്ററിൽ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനങ്ങളുടെയും വേസ്റ്റ് മാനേജ്മെൻറ് പ്രവർത്തനങ്ങളുടെയും ഏകോപനമാണ് നിലവിൽ പ്രധാനമായും നടക്കുന്നത്.
നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ റെയിൻ സെൻസറുകളും, അടിപ്പാതകളിൽ ഫ്ലഡ് സെൻസറുകളും, വിവിധ ഇടങ്ങളിൽ എൻവയോൺമെൻറ് സെൻസറുകളും ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
മഴക്കെടുതികൾ തടയുന്നതിനും എത്രമാത്രം മഴ ലഭിച്ചു എന്ന് അറിയുന്നതിനും അടിപ്പാതകളിൽ തടസ്സം ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഇത്തരം ഘട്ടങ്ങളിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അലേർട്ടുകൾ നൽകുന്നതിനൊപ്പം ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറുന്നതിനും കമാൻഡ് ആൻഡ് കൺട്രോൾ റൂം ആണ് ഉപയോഗിക്കുന്നത്.