ബെംഗളൂരു : “മെയ്ക്ക് ഇൻ ഇന്ത്യ”യോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്നുകൊണ്ട് “എല്ലാവർക്കും മാസ്സ് ഹാപ്പിനസ്” ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപങ്ങളിലൂടെ രാജ്യത്ത് നിലവിലുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) കർണാടക സർക്കാരുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ടികെഎമ്മിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 3,300 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിൽ ആരംഭിച്ചിട്ടുള്ളത്. ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും അതുവഴി പ്രാദേശിക ഉൽപ്പാദന ആവാസവ്യവസ്ഥയ്ക്ക് പ്രോത്സാഹനം നൽകാനും “എല്ലാവർക്കും മൊബിലിറ്റി” എന്ന ആശയം നടപ്പാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും സാധിക്കും. കർണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള ബിദാദിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ പ്ലാന്റാണിത്. വിതരണക്കാരുടെ വളർച്ച കണക്കിലെടുത്തുകൊണ്ട് കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതകളും ഈ വികസനം മുന്നോട്ടുവയ്ക്കുന്നു.
ഇതിനായി കർണാടക സർക്കാരുമായുള്ള ധാരണാപത്രം മുഖ്യമന്ത്രി സിദ്ധരാമയ്യയും, ടൊയോട്ട കിർലോസ്കർ മോട്ടോർ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മസകാസു യോഷിമുറയും ഒപ്പുവച്ചു. കർണാടക സർക്കാരിന്റെ വൻകിട, ഇടത്തര വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി പാട്ടീൽ, ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്സിൻ്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കംപ്ലയൻസ് ഓഫീസറുമായ സ്വപ്‌നേഷ് ആർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് വിക്രം ഗുലാത്തി സീനിയർ വൈസ് പ്രസിഡന്റും ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ സുദീപ് സാന്ത്റാം ദൽവി എന്നിവരോടൊപ്പം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.