മസ്കത്ത്: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിന് മുന്നോടിയായി ഒമാൻ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും. യു.എ.ഇയിൽ നടക്കുന്ന വിദേശ ക്യാമ്പിന്‍റെ ഭാഗമായി ഡിസംബർ 29ന് ചൈനയുമായിട്ടും ജനുവരി ആറിന് യു.എ.ഇക്കെതിരെയുമാണ് സൗഹൃദ മത്സരം. ഇതിന് ശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും.
റെഡ് വാരിയേഴ്സിന്റെ ആഭ്യന്തര പരിശീലന ക്യാമ്പ് ഡിസംബർ 11ന് സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ തുടക്കമാകും.
കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽ നോട്ടത്തിൽ നടത്തുന്ന പരിശീലനത്തിൽ മുതിർന്ന താരങ്ങളടക്കമുള്ളവർ പങ്കെടുക്കും. ഡിസംബർ 15ന് ആണ് ദേശീയ ടീം വിദേശ ക്യാമ്പിനായി യു.എ.ഇയിലേക്ക് തിരിക്കുന്നത്.
യു.എ.ഇയിലെ ക്യാമ്പിന് ശേഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്ക് തിരിക്കും. ഗ്രൂപ്പ് എഫിൽ ഒമാന്‍റെ കൂടെ സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്ഥാൻ എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരം ജനുവരി 16ന് ശക്തരായ സൗദ്യ അറേബ്യക്കെതിരെയാണ്. 21ന് തായ്ലന്റുമായും 25ന് കിർഗിസ്ഥാനുമായും ഏറ്റുമുട്ടും. ഏഷ്യൻ കപ്പിനുള്ള ഒമാൻ സ്ക്വാഡിനെ കോച്ച് ഇവാൻകോവിക്ക് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. മധ്യനിര താരമായ അർഷദ് അലാവിയെ തിരിച്ച് വിളിക്കുന്നതടക്കമുള്ള ചില മാറ്റങ്ങൾ ടീ സെലക്ഷനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യ കളിയിൽ ചൈനീസ് തായ്‌പേയിയെ 3-0ന് ഒമാൻ പരാജയപ്പെടുത്തിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ കിർഗിസ്ഥാനോട് ഒരു ഗോളിന് തോൽക്കുകയും ചെയ്തു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു