ജിദ്ദ: മലപ്പുറം ജില്ലയിലെ കണ്ണമംഗലം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് റിലീഫ് സെല്ലിന്റെ (കണ്ണമംഗലം മാസ് റിലീഫ് സെൽ) കീഴിൽ നൂറോളം വനിതകൾക്ക് ജോലിയും തൊഴിൽ പരിശീലനവും ലഭ്യമാകുന്ന സ്വപ്ന പദ്ധതിയായ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും ജിദ്ദയിൽ നടന്നു. ഡോ. വിനീത പിള്ള ചടങ്ങിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശന കർമവും നിർവഹിച്ചു.
കണ്ണമംഗലം മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ അധ്യക്ഷതവഹിച്ചു. മാസ് റിലീഫ് സെൽ ചെയർമാൻ വി.പി. കുഞ്ഞി മുഹമ്മദ് ഹാജി സെല്ലിന്റെ നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 19 നിർധനരായ പെൺകുട്ടികളുടെ വിവാഹം, രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് വീട്, ഒട്ടനവധി രോഗികൾക്ക് ചികിത്സ സഹായം, പ്രളയ ദുരിതത്തിൽപെട്ടവർക്ക് സാന്ത്വനം, കോവിഡ് രോഗികളുടെ കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം, പഠനത്തിൽ മികച്ചു നിൽക്കുന്നവർക്ക് പ്രോത്സാഹനം, കുളം നന്നാക്കൽ, കാട് വെട്ടി നന്നാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ മാസ് റിലീഫ് സെൽ നടത്തിയതായും വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന മുൻ പ്രവാസിയായ, പാവപ്പെട്ട സഹോദരന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ പണി പുരോഗിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓർഗനൈസിങ് സെക്രട്ടറി കെ. കുഞ്ഞി മൊയ്തീൻ പുതിയ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. നാട്ടിൽനിന്നെത്തിയ നേതാക്കളായ വി.പി. കുഞ്ഞി മുഹമ്മദ് ഹാജിക്ക് ആലുങ്ങൽ റസാക്കും കെ. കുഞ്ഞി മൊയ്തീന് കെ.സി ശരീഫും ഉണ്ണീൻ ഹാജി കല്ലാക്കന് എ.കെ. ഹംസയും സാദിഖലി കോയിസ്സന് പി.എ. കുഞ്ഞാവയും വി.പി. അബ്ദുള്ള കുട്ടിക്ക് മുനീർ കിളിനക്കോടും കോയ ഹാജി മൂന്നിയൂരിന് എ.പി. യാസർ നായിഫും ഷാൾ അണിയിച്ചു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹുസൈൻ ചുള്ളിയോടിനെ വി.പി. കുഞ്ഞി മുഹമ്മദ് ഹാജിയും ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നാസർ കോഴിത്തൊടിയെ കെ. കുഞ്ഞി മൊയ്തീനും ആദരിച്ചു. കെ.ടി.എ. മുനീർ, പി.എം. മായിൻകുട്ടി, ജലീൽ കണ്ണമംഗലം, സി.എം. അഹമ്മദ്, ബീരാൻ കുട്ടി കോയിസ്സൻ, നൗഷാദ് ചേറൂർ, ജാഫറലി പാലക്കോട്, അഷ്റഫ് ചുക്കൻ, ബാവ പേങ്ങാടൻ, ഉമർ മങ്കട തുടങ്ങിയവർ സംസാരിച്ചു. മുംതാസ് അബ്ദുറഹിമാൻ, ബഷീർ താമരശ്ശേരി, മുഹമ്മദ് കുട്ടി അരിമ്പ്ര, റഹീം കാക്കൂർ, യൂസുഫ് കരുളായി, സജീർ ആലപ്പുഴ, മുബാറക് വാഴക്കാട്, സിമി അബ്ദുൽ ഖാദർ, ഫാത്തിമ ഫർഹ, റാഫി ആലുവ, ഷാജി കൊല്ലം, ഫാത്തിമ അബ്ദുൽ ഖാദർ, മുഹമ്മദ് ഹാരിസ് തുടങ്ങിയവർ ഗാനം ആലപിച്ചു.
ഇല്യാസ് കണ്ണമംഗലം സ്വാഗതവും അഫ്സൽ പുളിയാളി നന്ദിയും പറഞ്ഞു. പ്രിയദർശിനി വനിത സഹകരണ സംഘം പദ്ധതിയുടെ കീഴിൽ 20 വനിതകൾക്ക് തൊഴിലും നൂറോളം പേർക്ക് തൊഴിൽ (തയ്യൽ പരിശീലനം) പരിശീലനവും ലഭിക്കും. സഹകരണ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് കൊണ്ട് ജീവനക്കാർക്ക് ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, പ്രോവിഡന്റ് ഫണ്ട്, ഫാമിലി ബെനിഫിറ്റ് സ്കീം, മൈക്രോ ഫിനാൻസ് പദ്ധതി എന്നിവ പദ്ധതിക്ക് കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. നൂറോളം വനിതകൾക്ക് പ്രത്യക്ഷമായും അമ്പതോളം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിതെന്ന് ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു