റിയാദ്: ‘അക്ഷരനിലാവ്’ എന്ന പേരിൽ ക്വയറ്റ് ലേഡീസ് റിയാദ് എന്ന സംഘടന സാഹിത്യസദസ്സ് സംഘടിപ്പിച്ചു. ‘ഒരു സൗദി അറേബ്യൻ പാരഗൺ കഥ’ എന്ന പുസ്തകത്തിന്റെ രചനാനുഭവങ്ങൾ പങ്കുവെച്ച് ബഷീർ മുസ്ലിയാരകം സാഹിത്യസദസ്സ് ഉദ്ഘാടനം ചെയ്തു. നിരവധി പുസ്തകങ്ങൾ രചിച്ച ജോസഫ് അതിരുങ്കൽ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയും വായന എഴുത്തുകാരന്റെ പണിപ്പുരയാണെന്നും അഭിപ്രായപ്പെട്ടു.
എഴുത്തുകാർ സ്വയം വിമർശകരായിക്കൊണ്ട് എഴുതാതിരിക്കുകയുംകൂടി ചെയ്യുമ്പോഴാണ് അവരിലെ യഥാർഥ സാഹിത്യം ജനിക്കുന്നതും അത് ഹൃദ്യമാകുന്നതും എന്ന് പത്രപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് പറഞ്ഞു. എഴുതാതെ തരമില്ല എന്ന അവസ്ഥ വരുമ്പോഴാണ് താൻ എഴുതുന്നതെന്ന് നിരവധി പുസ്തകങ്ങളുടെ രചയിതാവായ കമർബാനു അബ്ദുസ്സലാം സംസാരിച്ചു. ആത്മീയ വഴികൾ എഴുത്തിനെ സ്വാധീനിക്കുകയും കവിതകളിൽ ആത്മീയതയോടുള്ള പ്രണയം സ്വത്വപ്രതിഫലനമായി ഊർന്നുവീഴുന്നതും അക്ഷരജീവിതത്തിലെ അനുഗ്രഹ നിമിഷങ്ങളാണെന്ന് എഴുത്തുകാരി നിഖില സമീർ പറഞ്ഞു.
‘പ്രവാസം: ചരിത്രവും വർത്തമാനവും’ എന്ന പുസ്തകരചനയുടെ പ്രയാണത്തെക്കുറിച്ച് യൂസഫ് കാക്കഞ്ചേരി സംസാരിച്ചു. ‘കുരുടിപ്രാവ്’, ‘കള്ളന്റെ മകൾ’ തുടങ്ങിയ തന്റെ പുസ്തകങ്ങൾ അവതരിപ്പിച്ച് സുബൈദ കൊമ്പിൽ അടങ്ങാത്ത വായനയും പ്രകൃതിയുടെ നൈർമല്യവും കുഞ്ഞുങ്ങളോടുള്ള ഇഷ്ടവുമാണ് തന്നിലെ എഴുത്തുകാരിക്ക് പ്രചോദനമായതെന്ന് പറഞ്ഞു. പത്രപ്രവർത്തനത്തിലെ എഡിറ്റിങ് ഡെസ്കാണ് പുസ്തക രചനയിലേക്കുള്ള പാത തെളിയിച്ചതെന്ന് മാധ്യമപ്രവർത്തകൻ വി.ജെ. നസറുദ്ദീൻ പറഞ്ഞു.
‘കാതൽ’ പോലുള്ള സിനിമകൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഈ കാലത്ത് ‘മസ്രയിലെ സുന്ദരി’ എന്ന ഷെഫീനയുടെ നോവൽ ഏറെ പ്രസക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈജ്ഞാനിക സാഹിത്യകാരനും ഗവേഷകനുമായ ഡോ. കെ.ആർ. ജയചന്ദ്രൻ ‘നോ യുവർ ചൈൽഡ്’ എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിച്ചു. ശാന്ത തുളസീധരൻ എഴുതിയ ‘മരുഭൂമിയിലെ തണൽ മരങ്ങൾ’ എന്ന പുസ്തകം ജീവകാരുണ്യ പ്രവർത്തകൻ ലത്തീഫ് തെച്ചി അവതരിപ്പിച്ചു. ‘മണൽച്ചുഴികൾ’ എന്ന തന്റെ പുസ്തകം ജീവകാരുണ്യപ്രവർത്തകൻ റാഫി പാങ്ങോട് അവതരിപ്പിച്ചു.
ശിഹാബുദ്ദീൻ കുഞ്ചിസ് ‘സൗദി ചാറ്റ് ഡോട്ട് കോം’, നൗഷാദ് കൂടരഞ്ഞി ‘വൈദ്യേഴ്സ് മനസിൽ’, ഹിബ അബ്ദുസ്സലാം ‘കുരുടിപ്രാവ്’, ജയൻ കൊടുങ്ങല്ലൂർ ‘മണൽ ചുഴികൾ’, റഹ്മത്ത് അഷറഫ് ‘ഒരു സൗദി അറേബ്യൻ പാരഗൺ കഥ’, സ്വപ്ന ജയചന്ദ്രൻ ‘നോ യുവർ ചൈൽഡ്’, പി.എസ്. കോയ ‘പ്രവാസം: ചരിത്രവും വർത്തമാനവും’ എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.
പങ്കെടുത്ത എഴുത്തുകാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ലാജ അഹദ് ആമുഖപ്രഭാഷണം നടത്തി. ഷഫീന സ്വാഗതവും ഷെമീന അൻസർ നന്ദിയും പറഞ്ഞു. നാസർ ലയ്സ്, ഗഫൂർ കൊയിലാണ്ടി, ഷിബു ഉസ്മാൻ, സലിം ആർത്തിയിൽ, ഷാജി മഠത്തിൽ, ജസീല മൂസ, ഹസ്ബിന, റജീന ടീച്ചർ എന്നിവർ സംസാരിച്ചു. അൻസർ അബ്ദുസ്സത്താർ മോഡറേറ്ററായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു