റിയാദ്: റിയാദ് സീസൺ 2023ന്റെ ഭാഗമായി കിഴക്കൻ റിങ് റോഡിലെ എക്സിബിഷൻ സ്ക്വയറിൽ സൂഖ് അൽ അവലൈൻ എന്ന പേരിൽ പൗരാണിക ചന്ത പ്രവർത്തനമാരംഭിച്ചു. പുരാതന നജ്ദി വിപണികളുടെ അനുഭവങ്ങൾ ഒരുമിച്ച് സന്ദർശകർക്ക് പകരുന്ന പുതിയൊരു വിനോദ കേന്ദ്രമാണിത്. പൈതൃകവും ആധുനിക വസ്തുക്കളും വിൽക്കുന്ന കേന്ദ്രങ്ങൾ ചന്തയിലുണ്ട്.
പൗരാണിക കലാരൂപങ്ങളിൽ ഒരുക്കിയ പ്രത്യേക സ്ഥലങ്ങൾ, കഫേകൾ, റെസ്റ്റാറൻറുകൾ, ഫോട്ടോഗ്രാഫിക്കുള്ള സ്ഥലങ്ങൾ എന്നിവയുമുണ്ട്. വിപണിയിലെ വിവിധ വിനോദമൂലകൾക്ക് പുറമെ മേഖലയുടെ ചരിത്രത്തിന്റെ മുൻ ദശകങ്ങളിലേക്ക് സന്ദർശകരെ തിരികെ കൊണ്ടുവരുന്ന കേന്ദ്രംകൂടിയാണ് ഈ ചന്ത.
1970ലുണ്ടായിരുന്ന സൂഖ് അൽ അവലൈൻ എന്ന ചന്തയുടെ മാതൃകയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. അതേ ഡിസൈനിൽ. വിപണിയിൽ നജ്ദി ശൈലിയുമായി ഒത്തുചേർന്ന സൽമാനിയൻ ശൈലി പ്രചരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. ആധുനികതയും ആധികാരികതയും സമന്വയിപ്പിക്കുന്ന ഘടകങ്ങളുമായി വ്യതിരിക്തമായ സാംസ്കാരിക ഷോപ്പിങ് അനുഭവം പ്രതിഫലിപ്പിക്കുന്ന ഡിസൈനുകളിലാണ് ചന്ത രൂപപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിവിധതരം സാധനങ്ങൾ ലഭ്യമാണ്.
നജ്ദി അലങ്കാരത്തിന്റെ ചരിത്രത്തെയും ഉത്ഭവത്തെയും കുറിച്ചുള്ള അവലോകനവും സൂഖ് നൽകുന്നു. സന്ദർശകരുടെ അറിവ് സമ്പന്നമാക്കുക, അവർ കാണുന്ന ഫാഷനുകളുടെയും വസ്ത്രങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലം അവർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് ഇങ്ങനെയൊരു സൂഖ് തുറന്നിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു