കേൾക്കുമ്പോൾ നിസ്സാരാമെന്ന് തോന്നാം. പക്ഷെ മുസ്‌ലിം പിന്തുടർച്ചാ അവകാശം അനുസരിച്ച് പിതാവ് മരണപ്പെട്ടാൽ പിതാവിന്റെ സ്വത്തിൽ അവകാശം സഹോദരങ്ങൾക്കും ഉണ്ടെന്നുള്ളത് ശരി തന്നെ. പക്ഷെ ഒരു സിം പോലും തങ്ങൾക്ക് നേടിയെടുക്കാൻ കഴിയാതെ പോകുന്ന പെണ്മക്കളുടെ അവസ്ഥ എന്താണെന്ന് ഊഹിച്ചു നോക്കൂ.
ഉപ്പ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഉമ്മയ്ക്ക് കിട്ടാൻ എത്ര കടമ്പകൾ കടക്കേണ്ടതുണ്ട്?!
“മുസ്ലിം സമുദായാംഗങ്ങൾ എന്ന നിലയിൽ നിങ്ങൾക്ക് മുസ്ലിം വ്യക്തിനിയമമായ ശരി അത്ത് ന്റെ പരിധിയിൽ ഉപ്പയുടെ ഏത് സ്വത്തിനും അതൊരു സിം കാർഡായാലും ഉപ്പയുടെ കൂടപ്പിറപ്പുകൾക്ക് കൂടി അവകാശപ്പെട്ടതാണ്” എന്ന മറുപടി കേൾക്കേണ്ടി വന്ന ഒരു മകളുടെ വൈകാരികമായ കുറിപ്പ് വായിക്കാം.
ഒരു_എയർടെൽ_സിം_അപാരത
(ക്ഷമയോടെ വായിക്കുമല്ലോ )
എറണാകുളം ജില്ലയിലെ വൈറ്റിലയിൽ സ്ഥിരതാമസക്കാരാണ് ഞങ്ങൾ . പതിനഞ്ച് വർഷത്തിലധികമായി ഉപ്പ ഉപയോഗിച്ചുകൊണ്ടിരുന്നത് ഒരു എയർടെൽ സിം ആയിരുന്നു . 2021 സെപ്തമ്പർ 15 ന് അദ്ദേഹത്തിന്റെ മരണശേഷം സ്വാഭാവികമായും ആ സിം ഉമ്മ കൈവശം വച്ച് ഉപയോഗിച്ചു വന്നു . 2023 മെയ് ആറിന് പൊടുന്നനെ സിമ്മിന്റെ പ്രവർത്തനം നിലച്ചു . കാരണമറിയാതെ വീണ്ടും ഊരി ഇട്ടുനോക്കിയെങ്കിലും റീഡ് ആകുന്നില്ല .
മാറ്റിയെടുക്കാനായി എൻറെ മകൻ അടുത്തുള്ള എയർടെൽ ഓഫീസിനെ സമീപിച്ചു . സിം ന്റെ ഉടമസ്ഥൻ വരണമെന്ന് പറഞ്ഞപ്പോഴാണ് ഉപ്പയുടെ മരണവിവരം അറിയിച്ചത് . അങ്ങനെയെങ്കിൽ സിം മറ്റൊരാളുടെ പേരിലേക്ക് മാറ്റണമെങ്കിൽ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് തന്നെ വേണം . അല്ലാതെ മാറ്റിത്തരാനാവില്ല എന്നായിരുന്നു നിലപാട്സിം.
നിലവിൽ ഉപയോഗിക്കുന്നത് ഉമ്മയാണല്ലോ . അവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ , അതായത് ആധാർ കാർഡ് , റേഷൻ കാർഡ് , ആശ്രിത പെൻഷൻ കാർഡ് , തുടങ്ങിയ സുപ്രധാന തെളിവുകളുമായി, നടക്കാൻ കാലു വയ്യാതിരുന്നിട്ട് കൂടി സിം തന്റെ പേരിലേക്കാക്കാൻ ഉമ്മ കൊച്ചുമകനോടൊപ്പം വീണ്ടും എയർടെൽ ഓഫീസിൽ ചെന്നെങ്കിലും അതൊന്നും സ്വീകാര്യമല്ല എന്നുപറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത് .സിം പ്രവർത്തിക്കാത്തതിനാൽ പോർട്ട് ചെയ്യാനും പറ്റുന്നില്ല .അല്ലങ്കിൽ ആ നമ്പർ തന്നെ വേറെ ഏതെങ്കിലും കമ്പനിയിലേക്ക് മാറ്റാമായിരുന്നു .
വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന ലീഗൽ ഹയർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കലായി അടുത്ത ശ്രമം ..അതിനായി വില്ലേജ് ഓഫീസിൽ ചെന്നപ്പോഴാണ് നൂലാമാലകൾ അധികമുണ്ടെന്നറിയുന്നത് .
അതായത് , മരിച്ചയാളുടെ ഭാര്യയും മക്കളും അവരുടെ റേഷൻ കാർഡും ആധാർ കാർഡും സഹിതം മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 50 വയസ്സിന് മേൽ പ്രായമുള്ള രണ്ട് അയൽവാസികൾക്കൊപ്പം അവരുടെ ആധാർ കാർഡ് സഹിതം വില്ലേജ് ഓഫീസിൽ ഹാജരാകണമത്രേ . (ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടയാളെന്ന നിലയിൽ ആശുപത്രി അധികൃതരും സമീപമുനിസിപ്പാലിറ്റിയും സാക്ഷ്യപ്പെടുത്തി സർക്കാർ മുദ്രയുള്ള ഒറിജിനൽ മരണ സർട്ടിഫിക്കറ്റ് കയ്യിലുള്ളപ്പോഴാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത സാക്ഷികൾ ഹാജരാകണമെന്ന മറ്റൊരു വിരോധാഭാസം . കാലഹരണപ്പെട്ടിരിക്കുന്നു നമ്മുടെ നടപടിക്രമങ്ങൾ എന്ന് പറയാതെ വയ്യ )
ഇത്തരം വ്യവഹാരങ്ങളിലൊന്നും ഇടപെട്ട് മുൻ പരിചയം ഇല്ലാത്തതിനാൽ ആ പറഞ്ഞ നിബന്ധനകൾ എല്ലാം പാലിച്ച് സർവ്വത്ര രേഖകളുമായി ഞാനൊഴിച്ച് ബാക്കി സർവ്വസന്നാഹങ്ങളും കൂടി വില്ലേജ് ഓഫീസറുടെ മുന്നിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വകയായി പുതിയൊരറിയിപ്പ് .
മുസ്ലിം സമുദായാംഗങ്ങൾ എന്ന നിലയിൽ നിങ്ങൾക്ക് മുസ്ലിം വ്യക്തിനിയമമായ ശരി അത്ത് ന്റെ പരിധിയിൽ ഉപ്പയുടെ ഏത് സ്വത്തിനും അതൊരു സിം കാർഡായാലും ഉപ്പയുടെ കൂടപ്പിറപ്പുകൾക്ക് കൂടി അവകാശപ്പെട്ടതാണ് .ആയതിനാൽ ഉപ്പയുടെ കൂടപ്പിറപ്പുകൾ ആരാണെന്ന് വച്ചാൽ അവരെയും കൂട്ടി വരണമത്രേ .
ഉപ്പയുടെ കുടുംബത്തിൽ അവർ പതിനൊന്ന് മക്കളാണ് . ഒരനുജൻ ഒഴികെ ബാക്കിയെല്ലാവരും മരണപ്പെട്ടു . അദ്ദേഹമാണെങ്കിൽ കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലും .
ഇത്രയും കടമ്പകൾ കടന്ന് ആ സിം വേണ്ട എന്ന തീരുമാനത്തിലായി മറ്റുള്ളവർ .. പക്ഷെ എന്റുപ്പ വര്ഷങ്ങളായി ഉപയോഗിച്ചിരുന്ന ആ നമ്പറിനോട് എനിക്ക് അതിരില്ലാത്ത ഒരു ആത്മബന്ധം ഉണ്ട് . അത് നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് അനുവദിച്ചില്ല . ജൂലായ് മാസം ലീവിന് നാട്ടിൽ ചെന്നപ്പോൾ ഞാൻ വീണ്ടും എയർടെൽ ഓഫീസിൽ പോയി നോക്കി . കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി . ഫലം തഥൈവ . ലീഗൽ ഹയർ സർട്ടിഫിക്കറ്റ് തന്നെ വേണം .ഡൽഹിയിലുള്ള എയര്ടെല്ലിന്റെ ഹെഡ് ഓഫീസിലേക്ക് മെയിൽ അയച്ചപ്പോൾ അടുത്തുള്ള ബ്രാഞ്ച് ഓഫീസിനെ സമീപിക്കുക എന്നായിരുന്നു മറുപടി .
വീണ്ടും വില്ലേജ് ഓഫീസിലേക്ക് ..
സാർ ഉപ്പയുടെ പേരിൽ നിലവിൽ സ്വത്ത് ഒന്നും ഇല്ല . ആകെയുണ്ടായിരുന്ന വീടും സ്ഥലവും എൻറെ പേരിലാക്കി , ബാക്കി സഹോദരങ്ങളുടെ ബാധ്യത തീർത്തതുമാണ് . അതിന്റെ രേഖകൾ കൈവശമുണ്ട് . നിങ്ങൾക്ക് പരിശോധിക്കുകയുമാവാം . ബാങ്കിലുണ്ടായിരുന്ന പണം നോമിനിയായ ഉമ്മയുടെ പേരിലേക്ക് മാറ്റി ആ അകൗണ്ട് ക്ളോസ് ചെയ്തിട്ടുമുണ്ട് . ഇനിയുള്ളത് ഒരു സിം കാർഡ് മാത്രമാണ് . അതിനുവേണ്ടി മാത്രമായി എയര്ടെല്ലിൽ കൊടുക്കാൻ ഒരു സാക്ഷ്യപത്രം എഴുതി തരാൻ സാധിക്കുമോ ? അതിന് വകുപ്പില്ല . മാത്രമല്ല അവർക്ക് വേണ്ടത് ലീഗൽ ഹയർ അല്ലെ നിങ്ങൾ അതിനു വേണ്ട രേഖകൾ ഉണ്ടാക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
എന്തായാലും ആ നമ്പർ വിട്ട് കളയാൻ ഞാൻ ഒരുക്കമല്ല . എന്റുപ്പാടെ ഓർമ്മകളാണ് എനിക്കത് . ആ വൈകാരികത എന്നിൽ ഉള്ളത് കൊണ്ട് തന്നെ എത്ര ബുദ്ധിമുട്ടാനും ഞാൻ ഒരുക്കമായി .
അതുപ്രകാരം നാല് പെൺമക്കളെയും കല്യാണം ചെയ്തയച്ച പ്രദേശത്തെ വില്ലേജ് ഓഫീസുകളിൽ പോയി അവിടുത്തെ വില്ലേജ് ഓഫീസർമാരുടെ മൊഴി രേഖാമൂലം ശേഖരിച്ചു . കസിൻ ബ്രദറിനെ വിട്ട് ഉപ്പ ചെറുപ്പത്തിൽ ജീവിച്ച ശൂരനാട് തെക്ക് വില്ലേജിലെയും ഉപ്പയുടെ അനുജൻ ഇപ്പോൾ താമസിക്കുന്ന ശാസ്‌താംകോട്ട വില്ലേജിലെയും മൊഴിയെടുപ്പിച്ചു .
എല്ലാ രേഖകളും ഞങ്ങളുടെ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം സെപ്തമ്പർ 4 ന് അക്ഷയ വഴി സമർപ്പിച്ചു . ഇന്നേക്ക് മൂന്നു മാസം തികയുന്നു . സൈറ്റിൽ കയറി സ്റ്റാറ്റസ് നോക്കുമ്പോഴൊക്കെ അപ്രൂവ്ഡ് ആയിട്ടില്ല എന്നറിയുന്നു ..
ഈ സിം കാർഡിന് വേണ്ടി മാത്രമാണ് ഞങ്ങളിപ്പോൾ ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് പിന്നാലെ പോയത് . ഇനി എത്ര നാളെടുക്കും അത് കയ്യിൽ കിട്ടാൻ എന്ന് ഒരു പിടിയുമില്ല .
കഴിഞ്ഞ മെയ് മാസം മുതൽ ഉപയോഗിക്കാത്ത സിം കട്ട് ആകാതിരിക്കാൻ റി ചാർജ് ചെയ്തുകൊണ്ടേയിരിക്കുകയാണ് .
ചുരുക്കം പറഞ്ഞാൽ ഇപ്പോൾ സിമ്മും ഇല്ല സര്ട്ടിഫിക്കടും ഇല്ല . ഈ വിഷയത്തിൽ എനിക്ക് തോന്നുന്നു എയര്ടെല്ലിന്റെ ഭാഗത്ത് നിന്ന്. കുറച്ചുകൂടി മനുഷ്യത്വപരമായ നിലപാടുകളോ നിയമ ഇളവുകളോ ഉണ്ടാവാമെന്നാണ് . പതിനഞ്ച് വർഷത്തിലേറെയായി അവരുടെ കസ്റ്റമർ എന്ന നിലയിൽ കുറച്ചുകൂടി മൃദുസമീപനം ആകാമായിരുന്നു . നിങ്ങൾ എന്ത് പറയുന്നു ? സമാന അനുഭവങ്ങൾ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ കുറിക്കുമല്ലോ .
സബീന എം സാലി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം