ഇന്ത്യയിലെ 54 കഫ് സിറപ്പ് കമ്ബനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ (Central Drugs Standard Control Organisation (CDSCO)) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോസ്‌മെറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ദേശീയ റെഗുലേറ്ററി ബോഡിയാണ് സിഡിഎസ്‌സിഒ. പല കമ്ബനികളും ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകള്‍ നിര്‍മിക്കുന്നതായി കണ്ടെത്തിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ സിഎൻബിസി ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യൻ നിര്‍മിത കഫ് സിറപ്പുകള്‍ കഴിച്ച് ആഗോളതലത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ, കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാര്‍ ക്ലിയറൻസ് ലഭിക്കണം എന്ന കാര്യം ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്ബനികളുടെ സാമ്ബിളുകള്‍ പരിശോധിച്ചു വരികയാണ്.
54 കമ്പനികളില്‍ നിന്നും ലഭിച്ച 128 സാമ്പിളുകള്‍ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്‌സിഒ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തിയത്.
”ഗുജറാത്ത് ടെസ്റ്റിംഗ് ലാബില്‍ 385 സാമ്പിള്കളാണ് പരിശോധിച്ചത്. അതില്‍ 20 കമ്പനികള്‍ നിര്‍മിച്ച 51 സാമ്ബിളുകള്‍ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി. മുംബൈയിലെ ടെസ്റ്റിംഗ് ലാബില്‍ 523 സാമ്ബിളുകള്‍ വിശകലനം ചെയ്തു, അതില്‍ 10 കമ്ബനികള്‍ അയച്ച 18 സാമ്ബിളുകള്‍ക്കും ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാൻ കഴിഞ്ഞില്ല. ചണ്ഡീഗഡിലെ ലാബില്‍ 284 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 10 കമ്ബനികളില്‍ നിന്നുള്ള 23 സാമ്ബിളുകള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തി. ഗാസിയാബാദ് ലാബില്‍ 502 സാമ്ബിളുകള്‍ വിശകലനം ചെയ്തു, ഇതില്‍ 9 കമ്ബനികളില്‍ നിന്നുള്ള 29 സാമ്ബിളുകള്‍ നിലവാരമുള്ളതല്ലെന്ന് കണ്ടെത്തി”, സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നും കഫ് സിറപ്പ് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിക്കാൻ സംവിധാനം
”കയറ്റുമതി ചെയ്യാനുള്ള കഫ് സിറപ്പുകളുടെ സാമ്ബിളുകള്‍ പരിശോധിക്കുന്നതിനുള്ള പതിവ് രീതിയാണ് ഇവിടെയും സ്വീകരിച്ചത്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്ക്, ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി വീണ്ടും കഫ് സിറപ്പുകള്‍ നിര്‍മിക്കാനും അവ വീണ്ടും പരിശോധനയ്ക്ക് അയക്കാനും സാധിക്കും. ഗുണനിലവാരം സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഈ കഫ് സിറപ്പുകള്‍ കയറ്റുമതി ചെയ്യാൻ കഴിയൂ. ഇത് ഞങ്ങള്‍ കൃത്യമായി പരിശോധിക്കും”, സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു