ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ അഡ്വാന്‍സ്ഡ് കോഡിങ്, എഐ മൊഡ്യൂള്‍ അവതരിപ്പിക്കുന്നു

കൊച്ചി: അഡ്വാന്‍സ്ഡ് കോഡിങും നിര്‍മിത ബുദ്ധിയും അടങ്ങിയ മോഡ്യൂളുകള്‍ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റിയുടെ 100 സ്കൂളുകളില്‍ അവതരിപ്പിക്കും വിധം ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയറിങ് പരിപാടി വിപുലമാക്കുമെന്ന് ആമസോണ്‍ ഡോട്ട് ഇന്‍ പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ 30 സ്കൂളുകളില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കമ്പനി സൗകര്യമൊരുക്കും. 

കര്‍ണാടകത്തിലെ 30 ജില്ലകളിലായുള്ള 6 മുതല്‍ 8 വരെ ക്ലാസുകളിലെ 13,000 വിദ്യാര്‍ത്ഥികള്‍ക്കാവും ഇതിന്‍റെ ഗുണം ലഭിക്കുക. ബ്ലോക്ക് പ്രോഗ്രാമിങിന്‍റെ അടിസ്ഥാനങ്ങളാവും ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. ഏഴും എട്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള ആധുനിക പ്രോഗ്രാമിങും പരിചയപ്പെടുത്തും.
ഗുണമേന്മയുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെന്ന് ആമസോണ്‍ ജനറല്‍ പബ്ലിക് പോളിസി സീനിയര്‍ വൈസ് പ്രസിഡന്‍റും ജനറല്‍ കൗണ്‍സെലുമായ ഡേവിഡ് സാപോള്‍സ്കി പറഞ്ഞു.