ദമ്മാം: മരുഭൂമിയിൽ അതികഠിനമാകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്ക് ദമ്മാം ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി കമ്പിളിവസ്ത്രങ്ങളെത്തിച്ചു. മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു കഴിയുന്ന തൊഴിലാളികൾക്ക് കമ്പിളിവസ്ത്രങ്ങളും പുതപ്പും മറ്റു പ്രതിരോധവസ്തുക്കളുമാണ് വിതരണം ചെയ്തത്. വരുംദിനങ്ങളിൽ കഠിനമാകുന്ന തണുപ്പ് മരംകൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡുകളിലും കൃഷിത്തോട്ടങ്ങളിലും കഴിയുന്ന മനുഷ്യജീവനുകൾക്ക് താങ്ങാൻ കഴിയില്ല.
ഇത് മുന്നിൽ കണ്ടുകൊണ്ടാണ് കമ്പിളിവസ്ത്രങ്ങൾ നൽകാൻ ജില്ല കമ്മിറ്റി മുന്നിട്ടിറങ്ങിയത്. വളരെ പരിമിതമായ സൗകര്യങ്ങളോടെ, മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്ന സഹജീവികളിൽ ഇത്രയും പേർക്കെങ്കിലും കനിവിെൻറ കരുതൽ നൽകാനായതിൽ കമ്മിറ്റിയംഗങ്ങൾ സന്തോഷം പങ്കുവെച്ചു. വരുംവർഷങ്ങളിലും കൂടുതൽ ആളുകളിലേക്ക് ഈ സഹായമെത്തിക്കാൻ ജില്ല കമ്മിറ്റി ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ല പ്രസിഡൻറ് ബിനു പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ജോസ്സൻ ജോർജ്, വൈസ് പ്രസിഡൻറുമാരായ ജോയ് തോമസ്, മാക്സ്മില്യൻ, സെക്രട്ടറിമാരായ സജി വർഗീസ്, ഷാനവാസ് ഖാൻ, റീജനൽ പ്രതിനിധി ഡോ. സിന്ധു ബിനു, നിർവാഹകസമിതിയംഗം മോൻസി മാത്യു എന്നിവരാണ് ഈ കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു