റിയാദ്: ഇസ്രായേൽ ആക്രമണത്തിനിരയായ ജനങ്ങൾക്കിടയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ അയച്ച 14 ആംബുലൻസുകൾ ഗസ്സയിലെത്തി. അടിയന്തര ദുരിതാശ്വാസ സഹായ സാമഗ്രികളുമായി സൗദി അറേബ്യയുടെ 25ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷിലുമെത്തി. ഫലസ്തീൻ ജനതയെ സഹായിക്കാനായി രാജ്യം നടത്തിവരുന്ന ജനകീയ കാമ്പയിനിന്റെ ഭാഗമായാണിത്.
ഗസ്സയിലേക്ക് സൗദി അയക്കാൻ തീരുമാനിച്ച 20 ആംബുലൻസുകളിൽ 14 എണ്ണമാണ് ഇപ്പോൾ റഫ അതിർത്തി കടന്ന് ഗസ്സയിലെത്തിയത്. സുപ്രധാന നിരീക്ഷണ ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, പൊള്ളലേൽക്കുന്നവർക്കുള്ള ചികിത്സ യൂനിറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് ആംബുലൻസുകൾ.
ഇസ്രായേൽ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദിയിൽ ആരംഭിച്ച ജനകീയ കാമ്പയിൻ തുടരുകയാണ്. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ധനസമാഹരണവും സഹായ വിതരണവും നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു