റിയാദ്: കുതിച്ചുയരുന്ന പുത്തൻ സാങ്കേതികവിദ്യയുടെ നേർക്കാഴ്ചകളൊരുക്കി റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ ഐ.ടി ഡിജിറ്റൽ ഫെസ്റ്റ് ‘ബൈറ്റ് ബാഷ്’ സംഘടിപ്പിച്ചു.യു.കെ ആസ്ഥാനമായ സൈബർ സ്ക്വയറുമായി സഹകരിച്ചായിരുന്നു ഡിജിറ്റൽ ഫെസ്റ്റ്. വിദ്യാർഥി പ്രതിഭകളുടെ ക്രിയാത്മകതയും സാങ്കേതികരംഗത്തെ നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിലെ ഉത്സാഹവും നിറഞ്ഞുനിന്നതായി ഫെസ്റ്റ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ് റീജനൽ ടെക്നിക്കൽ മാനേജർ നവാസ് റഷീദ് മുഖ്യാതിഥിയായി.
ത്വരിതഗതിയിലുള്ള വളർച്ചക്ക് സാങ്കേതിക രംഗത്തെ മുന്നേറ്റം സഹായിക്കുമെന്നും വളർന്നുവരുന്ന വിദ്യാർഥി പ്രതിഭകൾ ഏറെ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്സ്, ഗെയിംസ്, ഡോക്യുമെന്ററി, വെബ് ഡിസൈനിങ്, എ.ഐ തുടങ്ങിയ എല്ലാ ടൂളുകളും ഉപയോഗപ്പെടുത്തിയ ശ്രദ്ധേയമായ 50 പ്രോജക്ടുകളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്.
ജുമൈല ബഷീർ ഫെസ്റ്റിന് നേതൃത്വം നൽകി. സംഗമത്തിൽ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹമ്മദ്, മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്ലി, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഹമീദാബാനു സ്വാഗതവും ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു