ന്യൂജഴ്സി∙ തലച്ചോറിനു കഠിനമായ മുറിവേൽക്കുന്നവർക്കും (ടി ബി ഐ) നട്ടെല്ലിനു ക്ഷതം ഏൽക്കുന്നവർക്കും (എസ് സി ഐ) ഉണ്ടാവുന്ന സങ്കീർണമായ പ്രശ്നങ്ങൾ മനസിലാക്കി നവീനമായ ചികിത്സാ രീതികൾ ആവിഷ്കരിക്കാൻ ഗവേഷണം നടത്തുന്ന മലയാളിയായ ശാസ്ത്രജ്ഞനു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ $2.2 മില്യൻ ഫെഡറൽ ഹെൽത്ത് ഗ്രാന്റ്. എൻ ഐ എച് നൽകിയിട്ടുള്ള ഏറ്റവും വലിയ ഗ്രാന്റാണ് ഡോക്ടർ മുഹമ്മദ് അബ്ദുൾ മുനീറിനു ലഭ്യമായത്.
ന്യൂജഴ്സിയിലെ ജെ എഫ് കെ യൂണിവേഴ്സിറ്റി ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന മുനീർ മുറിവ് പറ്റിക്കഴിഞ്ഞാൽ കേന്ദ്ര നാഡീ വ്യൂഹം (central nervous system: CNS) പ്രവർത്തിക്കാതെ വരുന്ന പ്രശ്നത്തിനു പരിഹാരമാണ് തേടുന്നത്. സീനിയർ ന്യുറോ സയന്റിസ്റ്റും അസോഷിയേറ്റ് പ്രഫസറുമായാണ് യൂണിവേഴ്സിറ്റിയുടെ ഹാക്കൻസാക് മെറിഡിയൻ ഹെൽത്ത് സെന്ററിൽ ഡോക്ടർ മുനീർ പ്രവർത്തിക്കുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു മോളിക്കുലർ ബയോളജിയിൽ പിഎച് ഡി എടുത്ത ഡോക്ടർ ഇവിടെ ആ രംഗത്ത് തന്നെയാണ് ഗവേഷണം നടത്തുന്നത്.
ടി ബി ഐ മൂലം കേന്ദ്ര നാഡീ വ്യൂഹം പ്രവർത്തന രഹിതമാവുന്നത് വിശകലനം ചെയ്യുകയാണ് താൻ ലക്ഷ്യമിടുന്നതെന്നു ഈ രംഗത്തു 20 വർഷത്തിലേറെ പരിചയ സമ്പത്തുളള ഡോക്ടർ മുനീർ പറയുന്നു. തന്റെ പരിശീലനവും അനുഭവ സമ്പത്തും അതിൽ സഹായകമാവുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. കാസർഗോഡ് ഗവൺമെന്റ് കോളജിൽ നിന്നു സുവോളജിയിൽ ബിഎസ് സി കഴിഞ്ഞു കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സും പിന്നീട് പിഎച് ഡിയും ചെയ്ത അദ്ദേഹം പോസ്റ്റ്-ഡോക്ടറൽ റിസേർച് ചെയ്തത് ഒമാഹയിൽ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്ററിലും പിന്നീട് ഫിലാഡൽഫിയ ടെംപിൾ യൂണിവേഴ്സിറ്റിയിലും ആണ്. റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലും ന്യൂജഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും അദ്ദേഹം കൊളോബറേറ്റീവ് റിസേർച് ചെയ്യുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു