ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍.
ചെന്നൈ പള്ളിക്കരണൈയില്‍ നിന്നുള്ള കാഴ്ച എന്ന രീതിയിലാണീ ദൃശ്യം പ്രചരിക്കുന്നത്. എഫക്റ്റ് ഓഫ് സൈക്ലോണ്‍ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇത് ചെന്നൈയില്‍ നിന്നുള്ള ദൃശ്യങ്ങളാണോ എന്നും താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണ് റഹ്‌മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.ശക്തമായ മഴയും ചുഴലിക്കാറ്റുംമൂലം വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു