കൊച്ചി: തായ്ലാന്‍ഡില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടിന്‍റെ ആദ്യറേസില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാളിഫയിങ് റൗണ്ടില്‍ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കാവിന്‍ ക്വിന്‍റലിന് ആദ്യറേസില്‍ സാങ്കേതിക തകരാര്‍ കാരണം അവസാന ലാപ്പുകള്‍ ഫിനിഷ് ചെയ്യാനായില്ല. അതേസമയം 19:17.075 സമയത്തില്‍ മത്സരം പൂര്‍ത്തീകരിച്ച മൊഹ്സിന്‍ പറമ്പന്‍ 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒറ്റ പൊസിഷന്‍ പിറകിലായതിനാല്‍ പോയിന്‍റുകള്‍ നേടാന്‍ മുഹ്സിന് കഴിഞ്ഞില്ല.
സീസണ്‍ അവസാനത്തിലേക്കെത്തുമ്പോള്‍ തങ്ങളുടെ ഇന്ത്യന്‍ റൈഡര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്നും, താരങ്ങള്‍ നമ്മുടെ രാജ്യത്തുടനീളമുള്ള പ്രതിഭകള്‍ക്ക് യഥാര്‍ഥ പ്രചോദനമാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ റൈഡര്‍മാര്‍ക്ക് ഇന്ന് പോയിന്‍റൊന്നും നേടാനായില്ല, എങ്കിലും മികച്ച നേട്ടങ്ങളുമായി തങ്ങളുടെ ടീം ഈ സീസണ്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക തകരാര്‍ കാരണം മത്സരം പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല ഇത് എന്നെ സംബന്ധിച്ചിടത്തോളം നിര്‍ഭാഗ്യകരമായിരുന്നു. എങ്കിലും മികച്ച ഫലങ്ങളോടെ ഈ റൗണ്ട് അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍ കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു.
നിശ്ചയദാര്‍ഢ്യത്തോടെ മത്സരത്തില്‍ തുടരുകയും, പോയിന്‍റുകളോടെ റൗണ്ടുകള്‍ പൂര്‍ത്തിയാക്കാന്‍ റേസ് പാറ്റേണ്‍ നന്നായി പിന്തുടരുകയും ചെയ്യുക എന്നതാണ് അടുത്തെ റേസില്‍ ശ്രദ്ധയെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.