തിരുവനന്തപുരം: ജിലു മോൾ മേരി തോമസിന്‍റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ നിയമം വഴിമാറി. ഇടുക്കി സ്വദേശിനി ജിലു മോൾക്ക് ഭിന്നശേഷി ദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് കൈമാറിയതോടെ പിറന്നത് പുതുചരിത്രം.
നവകേരള സദസിന്‍റെ ഭാഗമായി കല്ലേപ്പുള്ളി ക്ലബ്ബ് 6 കൺവെൻഷൻ സെന്‍ററിൽ നടന്ന പ്രഭാത യോഗത്തിൽ വച്ചാണ് ലൈസൻസ് കൈമാറിയത്. ഇരുകൈകളുമില്ലാത്ത ഒരു വ്യക്തിക്ക് ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വനിതയാണ് ജിലു.
കഴിഞ്ഞ 5 വർഷമായി ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. സംസ്ഥാന ഭിന്നശേഷി കമ്മിഷന്‍റെ ഇടപെടലിൽ എറണാകുളം ആർടിഒ ഈ കേസ് പരിശോധിക്കുകയും നിരവധി ഓൺലൈൻ ഹിയറിങ്ങുകൾ നടത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചത്.
ഇരു കൈകളുടെയും അഭാവത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം ജിലുവിന്‍റെ മോട്ടോർ കാർ പ്രവർത്തനത്തിൽ മാറ്റം വരുത്തി ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസിങ് അഥോറിറ്റി ലൈസൻസ് നൽകുകയായിരുന്നു.
2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41 (2) വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് തങ്ങളുടെ വാഹനങ്ങളുടെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ, അവയുടെ പ്രവർത്തന രീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു