മസ്കത്ത്: പ്രാദേശിക വാണിജ്യം വർധിപ്പിക്കുന്നതിനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നഗരത്തിലെ ഗതാഗതക്കുരുക്ക് പഠിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു.
സമഗ്രമായ മസ്കത്ത് ട്രാഫിക് പഠനം നടത്തുന്നതിന് കൺസൽട്ടൻസി സേവനങ്ങൾക്കായി പ്രത്യേക കമ്പനികളിൽനിന്ന് ബിഡുകൾ ക്ഷണിച്ച് ടെൻഡർ നൽകിയതായി മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത വർഷം ജനുവരി ഏഴ് ആണ്. ട്രാഫിക് വെല്ലുവിളികൾ നേരിടാനും മസ്കത്തിലെ നഗര ചലനം മെച്ചപ്പെടുത്താനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് പഠനം.
ഗതാഗതം സുഗമമാക്കുന്നതിന് നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം, മസ്കത്ത് എക്സ്പ്രസ് വേ അഞ്ചു വരിയായി വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.
കൂടാതെ, അൽ മൗജും നവംബർ 18 സ്ട്രീറ്റുകളും വീതികൂട്ടി, ഓരോ ദിശയിലും ഒരു അധിക പാത കൂട്ടിച്ചേർക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരുകയാണ്. നോർത്ത് അൽ ഹയിലിലെ അൽ മൗജ്, ബഹ്ജ, ഇഷ്റാഖ് എന്നിവിടങ്ങളിലെ റൗണ്ട് എബൗട്ടുകൾക്ക് കാര്യമായ പരിഷ്കരണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവ ഉയർന്ന ശേഷിയുള്ള സിഗ്നൽ കവലകളാക്കി മാറ്റും. ഈ വർഷം ആരംഭിക്കുന്ന ഈ പ്രോജക്ടുകൾ 18 മുതൽ 20 മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
മഴ പെയ്താൽ മത്രയിലുണ്ടാകുന്ന വെള്ളക്കെട്ട് തടയാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിനായുള്ള സാധ്യത പഠനങ്ങൾ, വിശദമായ രൂപകൽപന, പ്രോജക്ട് മേൽനോട്ടം എന്നിവ നടത്തുന്നതിന് കൺസൽട്ടേഷൻ സേവനങ്ങൾക്കായി നിർദേശങ്ങൾ ക്ഷണിച്ചു. വാദിയിൽനിന്നുള്ള വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യത ലഘൂകരിക്കുന്നതിനും അധികജലം കടലിലേക്ക് കാര്യക്ഷമമായി ഒഴുക്കുന്നതിനും ലക്ഷ്യമിട്ട് സൂഖിന് ചുറ്റും സംരക്ഷണ അണക്കെട്ടുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഈ സംരംഭങ്ങൾ നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അതുവഴി നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ക്ഷേമത്തിനും സംഭാവന നൽകാനും ഉദ്ദേശിച്ചുള്ളതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു