മസ്കത്ത്: ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കാളിയായി ഒമാനും. ഒമാൻ പ്രതിനിധിസംഘത്തെ ഊർജ-ധാതു വകുപ്പുമന്ത്രി എൻജിനീയർ സലിം നാസർ അൽ ഔഫിയാണ് നയിക്കുന്നത്. ‘ഒമാന് ഒരു സുസ്ഥിര ഭാവി’ എന്നപ്രമേയത്തിലാണ് ഒമാന്റെ പങ്കാളിത്തം. ഹരിതഗൃഹ ഉദ്വമനം കുറക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പുനരുപയോഗ ഊർജം വർധിപ്പിക്കുന്നതിനുമായി ഒമാൻ നടപ്പാക്കിയ തന്ത്രങ്ങൾ, നയങ്ങൾ, സംരംഭങ്ങൾ എന്നിവ ഉയർത്തിക്കാട്ടാനും മറ്റുമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 2050ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് എത്തിക്കാനാണ് സുൽത്താനേറ്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി സുസ്ഥിരത കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
കോൺഫറൻസിലെ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ററാക്ടിവ് പവിലിയനും ഒമാൻ ഒരുക്കിയിട്ടുണ്ട്. ഈ പവിലിയൻ കാർബൺ ബഹിർഗമന മേഖലയിൽ ഒമാന്റെ ഇതുവരെയുള്ള നേട്ടങ്ങളെ അടയാളപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരതയിലും പുനരുപയോഗ ഊർജം വർധിപ്പിക്കുകയും ചെയ്യുന്ന മേഖലകളിൽ രാജ്യത്തിന്റെ നിർണായക പങ്കും മറ്റും വിവരിക്കുകയും ചെയ്യുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു