മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനി ഷിനുമോൾ പി. വർഗീസ് നഷ്ടപരിഹാരമായി കിട്ടിയത് 22,200 റിയാൽ (ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ). ഒമാൻ സുപ്രീംകോടതിയാണ് ഇൻഷുറൻസ് തുക നൽകാൻ ഉത്തരവിട്ടത്. മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മറ്റിയുടെ ഒന്നര വർഷത്തെ നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് മൂന്ന് ഘട്ടങ്ങളിലായി ഇത്രയും തുക ലഭിച്ചത്. ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഒമാനിലെത്തിയ ഷിനുമോൾ കാരുണ്യകരങ്ങൾ നീട്ടിയവർക്ക് നന്ദി പറഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. മബേലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ജോലി ചെയ്തുകൊണ്ടിരിക്കേ 2021 ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
സ്വദേശി ഓടിച്ച വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് ആശുപത്രിക്ക് സമീപമുള്ള എ.ടി.എമ്മിൽനിന്ന് കാശ് എടുത്തു നാട്ടിലേക്ക് അയക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഒമാനിലെത്തി ഏഴു മാസം മാത്രമേ ആയിരുന്നുള്ളൂ. ചോരയിൽ കുളിച്ചുകിടന്ന അവരെ റോയൽ ഒമാൻ പൊലീസാണ് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുന്നത്. പേരുവിവരങ്ങൾ മറ്റും അറിയാത്തതുകൊണ്ട് ‘അൺ നോൺ’ എന്നായിരുന്നു ആശുപത്രിയിൽ രേഖപ്പെടുത്തിയിരുന്നത്.
അങ്ങനെയിരിക്കെയാണ് നാട്ടുകാരനായ നാദിർഷ അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നതും രേഖകളിൽ ഷിനുമോൾ എന്ന മേൽവിലാസത്തിലേക്ക് മാറ്റുന്നതും. ഇദ്ദേഹത്തിന്റെ സൃഹൃത്ത് റാഷിദ് അരീക്കോട് വഴിയാണ് സംഭവം മബേല കെ.എം.സി.സി യുടെ ശ്രദ്ധയിൽ എത്തുന്നത്. നേതാക്കളായ സലിം അന്നാരയും യാക്കൂബ് തിരൂരും കേസിന്റെ ഉത്തരവാദിത്തം മബേല കെ.എം.സി.സി വൈസ് പ്രസിഡന്റ് അസ്ലം ചീക്കോന്നിനെ ഏൽപിക്കുകയും വിദഗ്ധ ചികിത്സക്കായി ഷിനുമോളെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. കേസ് നടത്താൻ പ്രഗല്ഭ സ്വദേശി അഭിഭാഷകൻ അബ്ദുല്ല അൽ ഖാസ്മിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മൂന്നു തവണ അപ്പീൽ പോയതിനു ശേഷമാണ് അന്തിമ വിധി വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു