ജിദ്ദ: അഖബ ഉൾക്കടൽ തീരത്ത് പുതിയ റിസോർട്ട് പ്രഖ്യാപിച്ച് നിയോം ഡയറക്ടർ ബോർഡ്. ‘സെറാന’ എന്ന പേരിലാണ് പുതിയ ബീച്ച് റിസോർട്ട്. ബീച്ചുകളിലെ ആഡംബര ജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണിത്. ഒപ്പം സുസ്ഥിരതയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും തത്ത്വങ്ങളോടുള്ള നിയോമിന്റെ പ്രതിബദ്ധത ഉൾക്കൊള്ളുന്നതുമാണ്. 35 റെസിഡൻഷ്യൽ യൂനിറ്റുകൾക്ക് പുറമെ 65 മുറികളുള്ള ഹോട്ടലും സെറാന ബീച്ചിൽ നിർമിക്കും. ഈ റെസിഡൻഷ്യൽ യൂനിറ്റുകൾ സവിശേഷവും അതുല്യവുമായ ‘സ്റ്റെപ് ആർക്കിടെക്ചറൽ ഡിസൈനുകളി’ലാണ് ഒരുക്കുന്നത്.
അതിശയകരവും മനോഹരവുമായ കടൽക്കാഴ്ചകൾ വിവിധ കോണുകളിൽനിന്ന് നേരിട്ട് ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ ഡിസൈനിലെ നിർമിതി. കൂടാതെ പർവതങ്ങളുമായും തീരദേശ പരിസ്ഥിതിയുമായും തടസ്സമില്ലാതെ ലയിച്ചുചേരാനാകും. ജലയാത്ര നടത്തി എത്തിച്ചേരുന്ന സന്ദർശകർക്ക് സ്ഥലത്തിന്റെ ഭംഗിയും പ്രകൃതിയും കൂടുതൽ ആസ്വദിക്കാനാകും. ആഡംബര അന്തരീക്ഷത്തിൽ ശാന്തത തേടുന്നവർക്ക് വ്യതിരിക്തമായ നൂതനമായ അനുഭവങ്ങൾ നൽകുന്നതാണ്. നിത്യജീവിതത്തിലെ തിരക്കുകളിൽനിന്നും വിശ്രമിക്കാനും സെറാന സന്ദർശകർക്ക് അവസരമൊരുക്കും. വ്യതിരിക്തമായ ബീച്ച് ക്ലബിലൂടെയും ഉന്മേഷത്തിനും ആരോഗ്യത്തിനുമുള്ള സ്ഥാപനങ്ങളിലൂടെയും പുതിയ ലക്ഷ്യസ്ഥാനം ഏറെ ആകർഷണീയമായിരിക്കുമെന്ന് നിയോം ഡയറക്ടർ ബോർഡ് പറഞ്ഞു.
‘ലിഗ’, ‘എബെക്കോൺ’എന്നീ രണ്ട് ലക്ഷ്യസ്ഥാനങ്ങളുടെ സമീപകാല പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചാണ് ‘സെറാന’ വരുന്നത്. വ്യതിരിക്തമായ പ്രകൃതിദത്ത കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താനും പ്രകൃതിയുടെ നടുവിൽ സുസ്ഥിരമായ രീതിയിൽ വിശ്രമത്തിനും വിനോദത്തിനുമുള്ള ഇടങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കാനുമുള്ള നിയോമിന്റെ തന്ത്രത്തിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നൂതനമായ ആധുനിക ആശയങ്ങൾ നൽകുന്നതിനുമാണ് പുതിയ ബീച്ച് റിസോർട്ടുകൾ വികസിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു