കണ്ണൂര്‍: യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന വിചാരണ സദസ്സില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷം കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു