തെല്‍ അവിവ്: ഏഴു ദിവസത്തെ ഇടവേളക്കുശേഷം വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ബോംബിങ്ങിൽ 178 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവശേഷിച്ച ബന്ദികളെ കൂടി വിട്ടുനൽകാൻ ഹമാസിനെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്‍റെ പുതിയ കൂട്ടക്കുരുതി. ഹമാസ് വ്യവസ്ഥകൾലംഘിച്ചതാണ് യുദ്ധം പുനരാരംഭിക്കാൻ വഴിയൊരുക്കിയതെന്ന് കുറ്റപ്പെടുത്തിയ അമേരിക്ക, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇസ്രായേൽ കൊടുംക്രൂരത തുടരുന്ന സാഹചര്യത്തിൽ മധ്യസ്ഥനീക്കം പ്രതിസന്ധിയിലാണെന്ന് ഖത്തർ പറഞ്ഞു.
ഒരാഴ്ച നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ ഇന്നലെ കാലത്ത് അവസാനിച്ചതു മുതൽ സിവിലിയൻ കേന്ദ്രങ്ങളിൽ വൻ വ്യോമാക്രമണവും ഷെല്ലാക്രമണവും തുടരുകയാണ് സൈന്യം. ഇന്നലെമാത്രം 589 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേവരിലും സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ഗസ്സയുടെ വടക്കും തെക്കുമായി ഇരുനൂറിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ. ദക്ഷിണ ഗസ്സനഗരമായ ഖാൻയൂനുസിൽ ജനങ്ങളോട് കൂടുതൽ തെക്കോട്ട് ഒഴിഞ്ഞുപോകാൻ സൈന്യം നിർദേശിച്ചു. ആയിരക്കണക്കിന് ജനങ്ങൾ ദക്ഷിണ ഗസ്സയിലെ നാസർ ആശുപത്രിയിൽ അഭയം തേടി. ശുജാഇയ മേഖലയിൽവീടുകൾക്കുമേൽ ബോംബിട്ട് നിരവധിപേരെ കൊലപ്പെടുത്തി.
അതിർത്തി ക്രോസിങ് നഗരമായ റഫയിലും ആക്രമണം നടന്നു.ഗസ്സയിൽ ഇതുവരെ 15,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6,000 പേർ കുട്ടികളാണ്. ഇസ്രായേൽ നഗരങ്ങളായ അഷ്കലോൺ, സിദറോത്ത്, ബീർഷേബ എന്നിവിടങ്ങളിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. നിറിമിൽ മോർട്ടാർ ആക്രമണത്തിൽ തങ്ങളുടെ അഞ്ചു സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ . ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ വ്യാപക ഏറ്റുമുട്ടൽ നടന്നു.
ഇസ്രായേൽ നടപടിയെ വിമർശിച്ച് അറബ് മുസ്ലിം രാജ്യങ്ങൾ. സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയത് ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തർ. യുദ്ധം പുനരാരംഭിച്ചത് ഖേദകരമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് . 137 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കയ്യിൽ തന്നെയാണെന്ന് ഇസ്രായേൽ. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളതെന്നും ഇസ്രായേൽ സർക്കാർ വക്താവ്.
247 ബന്ദികളിൽ 110 പേരെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്.ബാക്കിയുള്ള ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു