ജിദ്ദ: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗസ്സയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം ഫലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ വാദങ്ങൾ ദുർബലമാണ്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിന്റെ തെരഞ്ഞെടുപ്പും ആയിരിക്കണം. ഗസ്സയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. ഗസ്സ മുനമ്പിലേക്ക് കൂടുതൽ മാനുഷികസഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും തങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാണെന്നും സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിനു മുമ്പ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അക്രമം പരിഹാരമല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ഉയരുകയാണ്. ഗസ്സയിലെ സ്ഥിതി ദുസ്സഹമാണ്. ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര പൊതുജനാഭിപ്രായം മാറാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമൂഹം യുദ്ധവും ഉപരോധവും നിർത്തി ഗസ്സക്ക് മാനുഷിക സഹായങ്ങൾ നൽകണം. ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കലിനെ സൗദി അറേബ്യ നിരസിച്ചിട്ടുണ്ട്. ഗസ്സയിലെ താൽക്കാലിക വെടിനിർത്തലിൽനിന്ന് മറ്റ് സന്ധികൾ കെട്ടിപ്പടുക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും ശ്രമങ്ങളോടെ ഗസ്സയിൽ വെടിനിർത്തൽ നീട്ടാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ നിയുക്ത മന്ത്രിതല സമിതി അംഗങ്ങൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി ഔദ്യോഗിക ചർച്ച നടത്തി. ഖത്തർ, ജോർഡൻ, ഈജിപ്ത്, ഫലസ്തീൻ, തുർക്കിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, യു.എ.ഇ സഹമന്ത്രിയായ സുരക്ഷ കൗൺസിലിലെ അറബ് ഗ്രൂപ് പ്രതിനിധി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിലൂടെ നീതിയും ശാശ്വതവും സമഗ്രവുമായ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള ആവശ്യം കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ചയിൽ പുതുക്കി. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967 ജൂൺ നാലിലെ അതിർത്തിപ്രകാരം സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കാൻ ഫലസ്തീൻ ജനതക്ക് സാധ്യമാകണമെന്നും സമിതി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു