മോസ്കോ: റഷ്യയിലെ ജനസംഖ്യ വർധിപ്പിക്കുക എന്നത് വരും ദശകങ്ങളിലെ ലക്ഷ്യമായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്നും വലിയ കുടുംബങ്ങളുണ്ടാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു.
“നമ്മുടെ പല മുത്തശ്ശിമാർക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് മറന്നുപോകരുതെന്ന് പുടിന്‍ പറഞ്ഞു. നമുക്ക് ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യാം. വലിയ കുടുംബങ്ങൾ റഷ്യയിലെ എല്ലാവരുടെയും ജീവിത രീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്”- പുടിന്‍ വിശദീകരിച്ചു.
റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് കിറിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്. റഷ്യയിലെ നിരവധി പരമ്പരാഗത സംഘടനാ പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുത്തു. 1990 മുതൽ റഷ്യയുടെ ജനന നിരക്ക് കുറവാണ്. യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം 300000ല്‍ അധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധത്തിലുണ്ടായ മരണം പുടിന്‍ യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം ദി ഇന്‍ഡിപെന്‍ഡന്‍റ് പോലുള്ള മാധ്യമങ്ങള്‍, പുടിന്‍റെ ആഹ്വാനത്തിന് യുക്രെയിന്‍ യുദ്ധത്തിലെ ആള്‍നാശവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലക്ഷം മുതല്‍ 9 ലക്ഷം വരെ ആളുകള്‍ റഷ്യ വിട്ടതായി സ്വതന്ത്ര റഷ്യൻ നയ ഗ്രൂപ്പായ റീ റഷ്യ റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു