ജിദ്ദ-റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ മൂന്നാം എഡിഷന് ജിദ്ദ റെഡ് സീ മാളിൽ പ്രൗഢമായ തുടക്കം. നിങ്ങളുടെ കഥ, നിങ്ങളുടെ ഫിലിം ഫെസ്റ്റിവെൽ എന്ന പ്രധാന ടാഗ് ലൈനിലുള്ള ഫെസ്റ്റിവെലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെത്തി. റെഡ് സീ മാളിലെ തിയറ്ററിൽ ബോളിവുഡ് നടൻ രൺവീർ സിംഗുമായുള്ള സംവാദത്തോടെയാണ് ഫെസ്റ്റിവെലിന് തുടക്കമായത്. നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് രൺവീറിനെ എതിരേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് രൺവീർ റെഡ്‌സീ മാളിലെ തിയറ്ററിലെത്തിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകരും ഗ്യാലറിയും രൺവീറിനെ സ്വീകരിച്ചത്. തിരിച്ച് റൺവീറിന്റെ പ്രതികരണവും ആവേശമേറിയതായിരുന്നു. തന്നെ കാണാനെത്തിയ അവസാനത്തെ ആരാധകനുമൊപ്പം നിന്ന് സെൽഫിയെടുത്താണ് രൺവീർ തിരിച്ചുപോയത്.
പത്തുവർഷത്തിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന സിനിമാമേഖലയിലെ അനുഭവങ്ങൾ രൺവീർ സദസ്സുമായി പങ്കുവെച്ചു. ആത്യന്തികമായി ജനങ്ങളെ ആസ്വദിപ്പിക്കുക എന്നതാണ് കലയുടെ ലക്ഷ്യമെന്നും എല്ലാ തരത്തിലുള്ള ജനങ്ങളെയും ഒരു സ്‌ക്രീനിനു മുന്നിൽ ഒന്നിപ്പിച്ചിരുത്തുന്നത് സിനിമയുടെ ശക്തിയാണെന്നും രൺവീർ പറഞ്ഞു. സിനിമ എന്ന മോഹത്തിലേക്ക് തന്നെ നയിച്ച മുത്തശ്ശിയെയും ഓരോ നിമിഷവും നവീകരിക്കാൻ പ്രേരിപ്പിക്കുന്ന ഭാര്യ ദീപിക പദുക്കോണിനെയും രൺവീർ സ്മരിച്ചു. ദീപിക എന്ന മികച്ച പങ്കാളി തനിക്ക് എല്ലാ അർത്ഥത്തിലും ഊർജവും പ്രോത്സാഹനവും നൽകുന്നതായി നിലക്കാത്ത കരഘോഷത്തിനിടയിയിലൂടെ രൺവീർ പറഞ്ഞു. സൗദി സംവിധായകൻ യാസർ അൽയാസിരി ഒരുക്കിയ സൗദി റൊമാന്റിക് ഫാന്റസി ചിത്രമായ ഹവ്ജൻ ഇന്നലെ പ്രദർശിപ്പിച്ചു.
എഴുത്തുകാരനും സംവിധായകനുമായ ബാസ് ലുഹ്മാൻ ആണ് റെഡ് സീ ഫിലിം ഫെസ്റ്റിവെൽ ചെയർമാൻ. സ്വീഡിഷ് അമേരിക്കൻ നടൻ ജോയൽ കിന്നമാനും ഇന്ത്യൻ നടി ഫ്രീദ പിന്റോ, ഈജിപ്ഷ്യൻ നടി ആമിന ഖലീൽ, സ്പാനിഷ് നടി പാസ് വേഗ എന്നിവരാണ് ജൂറിമാർ. സൗദി എഴുത്തുകാരിയും സംവിധായികയുമായ ഹനാ അൽഒമൈർ, ഫ്രഞ്ച് മൊറോക്കൻ നടൻ അസ്അദ് ബൂ ആബ്, തുർക്കി ജർമ്മൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ഫാത്തിഹ് അകിൻ എന്നിവരാണ് റെഡ് സീ ഷോർട്ട് ഫിലിം മത്സര ജൂറി അംഗങ്ങൾ. ഈ മാസം 9-നാണ് ഫിലിം ഫെസ്റ്റിവെൽ സമാപിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു