തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലറുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസര്‍ ആണ് ബിജോയ് നന്ദന്‍.
കണ്ണൂര്‍ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയത്. നിയമനത്തിനുള്ള അധികാരം ചാന്‍സിലര്‍ക്ക് മാത്രമാണെന്ന് ഓര്‍മിപ്പിച്ച കോടതി ബാഹ്യശക്തി സമ്മര്‍ദം ചെലുത്തുമ്പോള്‍ റബ്ബര്‍ സ്റ്റാമ്പുപോലെ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞു. ഗവര്‍ണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.
72 പേജുകളുള്ള വിധിയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. വിധിയില്‍ 71-ാം പോയിന്റായാണ് ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പാകരുതെന്ന് സുപ്രിംകോടതി വിമര്‍ശിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അധികാരങ്ങളില്ലാത്ത ഒരു സ്ഥാനം ചെലുത്തുന്ന സമ്മര്‍ദത്തിന് വിധേയപ്പെടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനല്ല. അതുകൊണ്ടുതന്നെ നടപടി ചട്ടവിരുദ്ധമാണെന്ന് കോടതിയ്ക്ക് കരുതേണ്ടിവരും. സുതാര്യതയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു