കൊച്ചി: ആമസോണ്‍ ഇന്ത്യ, വാര്‍ഷിക ആമസോണ്‍ റിസര്‍ച്ച് ഡേ പ്രഖ്യാപിച്ചു, 2023 ഡിസംബര്‍ ഒന്നിന് ബെംഗളൂരുവില്‍ നടക്കുന്ന പരിപാടിയില്‍ ആമസോണ്‍, വ്യവസായരംഗം, അക്കാദമികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഷീന്‍ ലേണിങ് (എംഎല്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിദഗ്ധര്‍ പങ്കെടുത്ത് അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കും. എംഎല്‍, എഐ മേഖലകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു സംവേദനാത്മക പ്ലാറ്റ്‌ഫോമായാണ് ആമസോണ്‍ റിസര്‍ച്ച് ഡേ പ്രവര്‍ത്തിക്കുന്നത്. ജനറേറ്റീവ് എഐ, ലാര്‍ജ് ലാംഗ്വേജ് മോഡല്‍സ്, ഗ്രാഫ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക്‌സ്, റോബോട്ടിക്‌സ്, റെസ്‌പോണ്‍സിബിള്‍ എഐ എന്നിവയിലുള്‍പ്പെടെ ആഴത്തിലുള്ള സെഷനുകള്‍ ആമസോണ്‍ റിസര്‍ച്ച് ഡേയുടെ ഏഴാമത് പതിപ്പില്‍ നടക്കും. പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ഇതേ കുറിച്ചുള്ള പ്രധാന പ്രസന്റേഷനുകള്‍ അവതരിപ്പിക്കുക.
ആമസോണിന്റെ ഇന്റര്‍നാഷണല്‍ എംഎല്‍ വൈസ് പ്രസിഡന്റ് രാജീവ് റസ്‌തോഗി, ആമസോണ്‍ എഡബ്ല്യുഎസ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡാന്‍ റോത്ത്, ഡല്‍ഹി ഐഐടി പ്രൊഫസര്‍ സയന്‍ റാണു, അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെയും അബുദാബി മുഹമ്മദ് ബിന്‍ സയീദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രൊഫസറുമായ ഇയാന്‍ റീഡ്, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജൂലിയ ഹിര്‍ഷ്‌ബെര്‍ഗ്, ഐഐടി ചെന്നൈയിലെ പ്രൊഫസര്‍ മിതേഷ് ഖപ്ര, മൈക്രോസോഫ്റ്റ് ട്യൂറിങിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയന്റിസ്റ്റ് മോണോജിത് ചൗധരി, ഐഐടി ഡല്‍ഹി പ്രൊഫസര്‍ പരാഗ് സിംഗ്ല എന്നിവരാണ് വിവിധ മേഖലകളില്‍ നിന്ന് ആമസോണ്‍ റിസര്‍ച്ച് ഡേയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.
ആമസോണില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെയും വില്‍പ്പനക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ പ്രാപ്തി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എആര്‍ഡി 2023നെ കുറിച്ച് സംസാരിച്ച ആമസോണ്‍ മെഷീന്‍ ലേണിങ് വൈസ് പ്രസിഡന്റ് രാജീവ് റസ്‌തോഗി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ ബെംഗളൂരില്‍ സംഘടിപ്പിക്കുന്ന ഒരു വാര്‍ഷിക പരിപാടിയാണ് ആമസോണ്‍ റിസര്‍ച്ച് ഡേ്. ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള അക്കാദമിക്, വ്യവസായ വിദഗ്ധരെ പങ്കെടുപ്പിച്ച്, എംഎല്‍, എഐ കമ്മ്യൂണിറ്റികള്‍ക്കുള്ള ഒരു ഒന്നിച്ചുകൂടലായി ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.