അൽഖോബാർ: സൗദിയിൽ പുതിയ ഇനം തേളിനെ കണ്ടെത്തിയതായി സൗദി ദേശീയ വന്യജീവി കേന്ദ്രം അധികൃതർ അറിയിച്ചു. ലെയൂറസ് ജനുസിൽപെട്ട തേൾ റിയാദ് പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള മജാമി അൽ-ഹദ്ബ് റിസർവിലാണ് കണ്ടെത്തിയത്. രൂപാന്തര വിവരണത്തെയും ജനിതക വിശകലനത്തെയും അടിസ്ഥാനമാക്കിയുള്ള കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സൂകീസി’ൽ പ്രസിദ്ധീകരിച്ചു. അറബിക് വേരുകളോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ‘ഹദ്ബ് സ്കോർപിയോൺ’ എന്ന് പേരിട്ടിരിക്കുന്നത്. ‘ലീയുറസ് ഹദ്ബ്’ എന്നാണ് ശാസ്ത്രീയ നാമം. രൂപാന്തരപരവും തന്മാത്രാ ജനിതകവുമായ തലങ്ങളിൽ ഇത് സൗദി അറേബ്യയിലെ മറ്റ് തേളുകളിൽനിന്ന് വ്യത്യസ്തമാണ്.
തേളിന്റെ കണ്ടെത്തലോടെ ആഗോളതലത്തിൽ ഈ ജനുസ്സിലെ ജീവിവർഗങ്ങളുടെ എണ്ണം 22 ആയി. അഞ്ചെണ്ണം ഇപ്പോൾ സൗദിയിൽ സ്ഥിരീകരിച്ചു. ദേശീയ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ വിലയിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ ജൈവവൈവിധ്യം പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വന്യജീവി കേന്ദ്രത്തിന്റെ പ്രവർത്തന വിജയമാണ് പുതിയ കണ്ടെത്തൽ.
തേളിന് വ്യത്യസ്തതലത്തിലുള്ള വിഷാംശം ഉണ്ടെന്നും ഹദ്ബ് ജീവികളിൽ വിഷത്തിന്റെ അളവ് കണക്കാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും കേന്ദ്രം വക്താവ് പറഞ്ഞു. സൗദി അറേബ്യയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത 34 ഇനം തേളുകളുണ്ട്. അതിൽ 11 എണ്ണം തദ്ദേശീയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു