കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം മോദി സര്‍ക്കാര്‍ നടപ്പാക്കുമെന്നും ആര്‍ക്കും അതില്‍ നിന്ന് തടയാൻ സാധിക്കില്ലെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ലോക് സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സാധിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് വോട്ടര്‍, ആധാര്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുകയാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി ആരോപിച്ചു. ”പശ്ചിമബംഗാളില്‍ വലിയ തോതില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. അതിനാല്‍ അവിടെ എന്തെങ്കിലും തരത്തിലുള്ള വികസനങ്ങള്‍ നടക്കുന്നുണ്ടോ? അതുകൊണ്ടാണ് മമത ബാനര്‍ജി സി.എ.എ എതിര്‍ക്കുന്നത്. സി.എ.എ രാജ്യത്തെ നിയമമാണ്. ആര്‍ക്കും അത് തടയാനാകില്ല. ഞങ്ങളത് നടപ്പാക്കും.”-അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ബംഗാള്‍ സംസ്ഥാനത്തെ നശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ രാജ്യത്ത് തന്നെ ഏറ്റവും കുടുതല്‍ നടക്കുന്നത് ബംഗാളിലാണ്.
2026ലെ പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യൻ സമുദായങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാൻ സി.എ.എ സഹായിക്കുന്നുവെന്നാണ് ബി.ജെ.പി പറയുന്നത്.
എന്നാല്‍ മുസ്‍ലിംകളെ ഒഴിവാക്കുകയും പൗരത്വത്തെ മതേതര രാജ്യത്തിലെ വിശ്വാസവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സി.എ.എ ഭരണഘടന വിരുദ്ധമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം. സി.എ.എക്കായി നിയമം രൂപീകരിക്കുന്ന പ്രകൃയയിലാണെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. 2024 മാര്‍ച്ച് 30നകം സി.എ.എ നിയമങ്ങള്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഞായറാഴ്ച പറഞ്ഞിരുന്നു.