യാംബു: ഇസ്രായേൽ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന സൗദി അറേബ്യയുടെ നടപടി തുടരുന്നു. ദുരിതാശ്വാസ വസ്തുക്കളുമായി 22ാമത് വിമാനം ചൊവ്വാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഭക്ഷണവും പാർപ്പിട സാമഗ്രികളും മരുന്നും ഉൾപ്പെട്ട 39 ടൺ സഹായ വസ്തുക്കളുമായി വിമാനം പുറപ്പെട്ടത്.
അൽ അരീഷിൽനിന്ന് റഫ അതിർത്തിയിലൂടെ ട്രക്ക് മാർഗമാണ് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം തുടരുന്നതിനിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാസ സഹായങ്ങൾ വിമാനം വഴിയും കപ്പൽ വഴിയും എത്തിക്കുന്നത്. സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശമനുസരിച്ച് ഗസ്സയിലെ ആളുകളെ സഹായിക്കാനുള്ള ധനസമാഹരണ കാമ്പയിൻ ഊർജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗസ്സയിലെ ദുരിതപർവം തരണം ചെയ്യുന്ന ഫലസ്തീനികൾക്ക് സൗദിയുടെ ദുരിതാശ്വാസ വിമാനങ്ങൾ അയക്കുന്നത്.
ഇസ്രായേലിന്റെ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സഹായിക്കാൻ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് കീഴിൽ (കെ.എസ് റിലീഫ്) ആരംഭിച്ച കാമ്പയിന് വലിയ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സ്വദേശികളും വിദേശികളുമായ രാജ്യനിവാസികളിൽനിന്ന് 9,99,664 പേരാണ് ഇതുവരെ സംഭാവന നൽകിയത്. ലഭിച്ച തുക 5,39,901,294 സൗദി റിയാൽ കവിഞ്ഞതായി അധികൃതർ അറിയിച്ചു.
മാനുഷിക സഹായദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ സൗദി ഭരണകൂടം ബൃഹത്തായ പദ്ധതികളാണ് ഇതിനകം നടപ്പാക്കിവരുന്നത്. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ. ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ https://sahem.ksrelief.org (സാഹിം) പോർട്ടൽ, അൽ റാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ എന്നീ മാർഗങ്ങളിൽ വഴി സംഭാവന അയക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു