റിയാദ്: വേൾഡ് എക്സ്പോ 2030 ആതിഥേയത്വത്തിന് വേണ്ടി നടന്ന വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം. അന്തിമ റൗണ്ടിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് റിയാദ് ഈ അവസരം നേടിയെടുത്തത്. വോട്ടെടുപ്പിൽ 119 രാജ്യങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. പാരീസിൽ എക്സ്പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ സെഡ് എക്സ്പോസിഷൻസിെൻറ 173-ാമത് ജനറൽ അസംബ്ലിയിൽ 180 രാജ്യങ്ങളുടെ പ്രതിനിധികൾ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.
റിയാദ് (സൗദി), ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ മൂന്ന് നഗരങ്ങളാണ് പ്രദർശനം നടത്താൻ മത്സര രംഗത്തുണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട് എന്ന രീതിയിൽ എക്സ്പോ അംഗരാജ്യങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്ന നഗരത്തെ തെരഞ്ഞെടുത്തത്. 130 രാജ്യങ്ങൾ സൗദി അറേബ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എക്സ്പോക്ക് അവസരം ലഭിച്ചതോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ് മാറും. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ 2030 നടക്കുക
എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സൗദി നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാൻ 7.8 ശതകോടി ഡോളറിൽ കുറയാത്ത ബജറ്റ് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. എക്സ്പോക്ക് ആതിഥേതത്വം വഹിക്കാൻ തിരുമാനിച്ചതോടെ വലിയ ശ്രമങ്ങളാണ് സൗദി നടത്തിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും രാജ്യത്തിെൻറ കാഴ്ചപ്പാടിന് പുതിയ പ്രചോദനം നൽകുകയും ചെയ്തു.
‘മാറ്റത്തിെൻറ യുഗം: ഞങ്ങൾ ഒരുമിച്ച് ഭാവിയെ രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ ഇതിനായുള്ള ഫയൽ സൗദി അറേബ്യ സമർപ്പിച്ചു. ഗ്രീസ്, ഫ്രാൻസ്, ബൾഗേറിയ, സ്പെയിൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും റിയാദിന് നേരത്തെ പിന്തുണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച റിയാദിൽ നടന്ന സൗദി-കരീബിയൻ ഉച്ചകോടിയിൽ എക്സ്പോയുടെ കാര്യത്തിൽ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്ന് നഗരങ്ങൾ തമ്മിലുള്ള കടുത്ത മത്സരത്തിനിടയിൽ എക്സ്പോ 2030 പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള റിയാദിെൻറ സാധ്യതകൾ കൂടുതലായിരുന്നു.
മൂന്ന് രാജ്യങ്ങൾ സമർപ്പിച്ച ഫയലുകൾക്കിടയിൽ നിരവധി ഘടകങ്ങളാൽ വോട്ടെടുപ്പിൽ റിയാദിന് വലിയ പിന്തുണ ലഭിക്കുമെന്നും വിജയിക്കുമെന്നും ആദ്യം മുതലേ സൗദി പ്രതീക്ഷിച്ചിരുന്നു. ഇതുവരെ എക്സ്പോ നടക്കാത്ത രാജ്യമെന്ന നിലയിൽ വോട്ടെടുപ്പ് വേളയിൽ റിയാദ് വിജയിക്കുമെന്ന വലിയ പ്രതീക്ഷയിൽ ലോകത്തിെൻറ കണ്ണുകളും സൗദിയിലേക്ക് തന്നെയായിരുന്നു. വിഷൻ 2030 ആരംഭിച്ച് വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങളുടെ വലിയ വിജയമാണ് പ്രതീക്ഷിച്ച ഫലം. അതോടൊപ്പം
വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്ന വർഷത്തിനോട് ചേർന്നുവരുന്നുവെന്ന സവിശേഷത കൂടിയുണ്ട്. എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാൻ റിയാദ് വിജയിച്ചതിലുടെ ധാരാളം നേട്ടങ്ങൾ സൗദിക്ക് ലഭിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവയിലൂടെ ആഗോള ആശയവിനിമയവും സ്വാധീനവും കൈവരിക്കാനാൻ സൗദിക്കാകും. സൗദി അറേബ്യ, അവിടുത്തെ ജനങ്ങൾ, സംസ്‌കാരം, പരിവർത്തനത്തിെൻറ കഥ, വിജയങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു ആഗോള കവാടമായിരിക്കും പ്രദർശനം. രാജ്യത്തിന് സാമ്പത്തികവും വികസനപരവുമായ നേട്ടം കൈവരിക്കാനാകും. അതോടൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തലസ്ഥാനങ്ങളിലൊന്നാണ് റിയാദെന്നതും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള നേട്ടമായി കണക്കാക്കുന്നു. റിയാദ് റോയൽ കമ്മീഷന് കീഴിലാണ് എക്സപോ 2030 നുള്ള നാമനിർദേശവും തുടർന്നുള്ള നടപടികളും പൂർത്തിയാക്കിയത്.