ജിദ്ദ: സൗദി വിനോദ മേഖല വികസന കമ്പനിയായ ‘സെവനി’ന്റെ അഞ്ചാമത്തെ വിനോദ കേന്ദ്രം അസീർ മേഖലയിൽ നിർമിക്കുന്നു. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് മേഖല ഗവർണറും അസീർ വികസന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ തുർക്കി ബിൻ തലാലിന്റെ രക്ഷാകർതൃത്വത്തിൽ നടന്നു. അസീറിലെ ‘സെവനി’ന്റെ ആദ്യത്തെ പദ്ധതിയാണിത്. 1300 കോടി റിയാൽ മുതൽമുടക്കിൽ അബഹ, ഖമീസ് മുശൈത്ത് നഗരങ്ങൾക്കിടയിൽ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 64,000 ചതുരശ്ര വിസ്തൃതിയിലാണ് കേന്ദ്രം നിർമിക്കുന്നത്.
പദ്ധതി പ്ലാൻ തയാറാക്കിയിരിക്കുന്നത് ഇന്റർനാഷനൽ ആർക്കിടെക്ചർ, ഡിസൈൻ ആൻഡ് പ്ലാനിങ് കമ്പനി (ജെൻസലർ) ആണ്. അസീർ പ്രദേശത്തിന്റെ നഗര സ്വത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിന്റെ തനതായ സ്വഭാവവും കോട്ടകളിൽ ഉൾക്കൊള്ളുന്ന അതുല്യമായ സൗന്ദര്യവും പ്രകടിപ്പിക്കുന്നതാണ് പദ്ധതി പ്ലാൻ. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ മോഡേൺ ബിൽഡിങ് ലീഡേഴ്സുമായി (എം.ബി.എൽ) സെവൻ കമ്പനി കരാറിൽ ഒപ്പുവെച്ചു.
എട്ട് സവിശേഷ വിനോദ മേഖലകൾ അബഹയിലെ ‘സെവൻ’ വിനോദ കേന്ദ്രത്തിലുൾപ്പെടും. ഭരണകൂടത്തിന്റെ മഹത്തായ പിന്തുണയിൽ അസീർ മേഖല എല്ലാ രംഗങ്ങളിലും അദ്ഭുതപൂർവമായ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നെന്ന് ഗവർണർ നിർമാണ പ്രഖ്യാപനവേളയിൽ പറഞ്ഞു. മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായാണ് സെവൻ പദ്ധതി പരിഗണിക്കുന്നത്. വിനോദസഞ്ചാരികൾക്ക് വർഷം മുഴുവനും അസീറിനെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണിതെന്നും ഗവർണർ പറഞ്ഞു.
സൗദിയിലെ വിനോദ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെയും ‘വിഷൻ 2030’ന്റെ പ്രവർത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു അഭിലാഷ പദ്ധതിയെ പ്രതിനിധീകരിക്കുന്നതാണ് അസീറിലെ വിനോദ കേന്ദ്രമെന്ന് സെവൻ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ നാസർ അൽദാവൂദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു